പുതുക്കാട്: പാലിയേക്കരയിൽ സെപ്തംബർ ഒന്നു മുതൽ 15 ശതമാനം നിരക്ക് വർദ്ധന പ്രബല്യത്തിൽ വരുന്നതോടെ ടോൾ കടക്കാൻ ചെലവേറും. ഇതനുസരിച്ച് ഒരു വശത്തേക്ക് കടന്നുപോകുന്നതിന് 10 മുതൽ 65 രൂപ വരെ വർദ്ധന വരും. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിലാണ് പാലിയക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ രണ്ടു വർഷവും ടോൾ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സംയുക്തമായി ഒപ്പുവച്ചിട്ടുള്ള കരാർ അനുസരിച്ച് വർഷാവർഷം മൂന്ന് ശതമാനമാണ് ടോൾ നിരക്ക് വർദ്ധിപ്പിക്കാവൂ. ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് 45 ദിവസം മുമ്പ് നിരക്ക് വർദ്ധനവ് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിക്കണമെന്നും പൊതുജനങ്ങളുടെ പരാതികൾ കേൾക്കണമെന്നും നിഷ്‌ക്കർഷിക്കുന്നുണ്ടെങ്കിലും ഇതെല്ലാം ലംഘിച്ചാണ് ടോൾ കമ്പനി ഏകപക്ഷീയമായി നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്.

വർദ്ധനവ് ചോദ്യം ചെയ്തുള്ള ഹർജി ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാതെയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. 2018 ൽ കരാർ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചെന്ന് കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്. ചാലക്കുടി, പുതുക്കാട് അടിപ്പാത, റീടാറിംഗ്, ഡ്രൈനേജുകൾ, സർവീസ് റോഡുകൾ, കൾവെർട്ടുകൾ തുടങ്ങി ഇനിയും പണിപൂർത്തീകരിക്കാനുണ്ടെന്ന് ദേശീയ പാത അതോറിറ്റി തന്നെ വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഈ കാര്യങ്ങളും തെറ്റായി സത്യവാങ്മൂലം നൽകിയതും ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർദ്ധിപ്പിക്കരുതെന്ന് കാണിച്ച് ഹർജി നൽകുന്നത്. നിരക്ക് വർദ്ധനയെപ്പറ്റി ഒരക്ഷരം ഉരിയാടാത്ത പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് അപലപനീയമാണ്.
-അഡ്വ. ജോസഫ് ടാജറ്റ്
(ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്)


നിരക്ക് വർദ്ധന ഇപ്രകാരം