കയ്പമംഗലം മണ്ഡലത്തിലെ
കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര കൈരളിയിലെ തളിർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും ജൈവകൃഷിയിടം ഒരുങ്ങും. കുട്ടികളിൽ കാർഷിക സാംസ്‌കാരം വളർത്തിയെടുക്കുവാനും മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി ആവശ്യമായ ജൈവ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാനും സമൂഹത്തെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൃഷിവകുപ്പിന്റെ സഹായ സഹകരണത്തോടെ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ കുട്ടികൾക്ക് വീടുകളിൽ സ്വയം കൃഷി ചെയ്യാനുള്ള വിദ്യാഭ്യാസം നൽകാനാകും.
പദ്ധതി വിഹിതമായി ഓരോ വിദ്യാലയങ്ങൾക്കും ഒമ്പതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആദ്യത്തെ മണ്ഡലമാണ് കയ്പമംഗലമെന്നും സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വലിയ ഒരു പാക്കേജാക്കി ഇതിനെ മാറ്റുന്നതിന് വേണ്ട എല്ലാ സഹായ സഹകരണങ്ങൾ എല്ലാ വിഭാഗം ആളുകളിൽ നിന്നും ഉണ്ടാകണമെന്നും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു.