ചേർപ്പ്: ഓണക്കാലത്തെ ആവേശമായ കുമ്മാട്ടിക്കളി ഇക്കുറിയും ചേർപ്പിലെ വീഥികളിൽ നിറയും. കുമ്മാട്ടിക്കൂട്ടങ്ങളെ വരവേൽക്കാൻ ദേശങ്ങളിൽ കമാനങ്ങളും ഫ്‌ളക്‌സുകളും നിരന്നുകഴിഞ്ഞു. മൂന്നാം ഓണമായ ഒമ്പതിന് പെരുവനത്തും, ചേർപ്പ് ഭഗവതി ക്ഷേത്ര പരിസരത്ത് പത്തിനും, ഊരകത്ത് പതിനൊന്നിനുമാണ് കുമ്മാട്ടി മഹോത്സവം.
കുമ്മാട്ടി സംഘങ്ങൾ ഈ ദിവസങ്ങളിൽ വൈകിട്ടോടെയാണ് നിരത്തുകളിലിറങ്ങുക. ഊരകത്ത് അമ്പലനട വിഭാഗം, കിസാൻ കോർണർ യുവജന സംഘം, തെക്കുംമുറി, വാരണംകുളം, കുടുംബി ദേശ സമുദായം, കൊറ്റംകുളങ്ങര, ചിറ്റേങ്ങര എന്നിങ്ങനെ എട്ടോളം സംഘം കുമ്മാട്ടികളും, നിശ്ചല ദൃശ്യങ്ങളും, വാദ്യ ആഘോഷങ്ങളും അണിനിരക്കും.
ചേർപ്പ് ഭഗവതിക്ഷേത്രം പരിസരത്ത് കുമ്മാട്ടി മഹോത്സവത്തിനായി ആവേശകരമായ പ്രവർത്തനങ്ങളാണ് ഓണാനാളുകളിൽ നടക്കുക. അമ്പലനട, വടക്കുംമുറി, കരിക്കുളം ദേശക്കുമ്മാട്ടികൾ ദേശത്ത് ചുവടുകൾ വയ്ക്കും. ലക്ഷങ്ങൾ ചെലവിട്ടാണ് വിവിധ ദേശങ്ങളിൽ കുമ്മാട്ടി സംഘങ്ങൾ മഹോത്സവം നടത്തുന്നത്.
മരത്തിൽ തീർത്ത കുമ്മാട്ടി മുഖങ്ങൾ പ്രധാന ആകർഷണമാണ്. ഊരകം കുമ്മാട്ടിക്ക് ഒന്നര പതിറ്റാണ്ടും പെരുവനം യുവജന ദേശ കുമ്മാട്ടിക്ക് 45 വർഷവും പഴക്കവുമുണ്ടെന്ന് പറയുന്നു. കുമ്മാട്ടി മഹോത്സവങ്ങൾക്ക് വിളംബരം കുറിച്ച് അത്തം ദിനത്തിൽ വിവിധ ദേശങ്ങളിൽ കൊടിയേറ്റം നടന്നു.