പാവറട്ടി: മണലൂർ മണ്ഡലത്തിലെ പൊളിച്ച റോഡുകൾ ഉടൻ നന്നാക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ് മിഷന് മറുപടിയായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി.അമൃത്, ജല ജീവൻമിഷൻ തുടങ്ങിയ കുടിവെള്ള പദ്ധതികൾക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മണലൂർ മണ്ഡലത്തിലെ കാഞ്ഞാണി-ചാവക്കാട്, ചിറ്റാട്ടുകര-കുണ്ടുകടവ് പി.ഡബ്ല്യു.ഡി.റോഡുകളും നാലു പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളും പൊളിച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രയാസം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കുഴികളിൽ വീണ് നിരവധി അപകടങ്ങളും പതിവാണ്.
മുൻകാലങ്ങളിൽ ഇത്തരം പൊളിക്കലുകൾ നടത്തുമ്പോൾ അതിന്റെ റീസ്റ്റോറേഷൻ വർക്കുകൾ അതാത് വകുപ്പുകളാണ് ചെയ്തിരുന്നത്. എന്നാൽ 2022 ഫെബ്രുവരിയിലെ ഉത്തരവ് പ്രകാരം പി.ഡബ്ല്യു.ഡി. റോഡുകളുടെ പുനസ്ഥാപന ചുമതല ഇപ്പോൾ ജല അതോറിറ്റിക്കാണ്. 15കിലോ മീറ്ററിലധികം പി.ഡബ്ല്യു.ഡി റോഡ് പൊളിച്ച് നീണ്ടകാലമായിട്ടും റീസ്റ്റോറേഷൻ വർക്ക് അവിടെ നടന്നിട്ടില്ല. രണ്ടര കിലോമീറ്റർ റോഡുകൾ പൊളിക്കുന്ന നടപടി ഇതുവരെയായിട്ടുമില്ല. ഇതുമൂലം റോഡിൽ പലയിടത്തും പൈപ്പുകൾ കിടക്കുകയാണ്. പി.ഡബ്ല്യു.ഡി. റോഡിന്റെ ഏകദേശം 17 കിലോമീറ്റർ വരുന്നതിൽ മുല്ലശ്ശേരി വരെയുള്ള പത്ത് കിലോമീറ്റർ ഭാഗം ബി.എം ആൻഡ് ബി.സി ആക്കുന്നതിന് 4.75 കോടി രൂപ അനുവദിച്ച് പണിയാരംഭിച്ചു കഴിഞ്ഞു. അടിയന്തരമായി പി.ഡബ്ല്യു.ഡി. റോഡുകളുടേയും ഗ്രാമീണ റോഡുകളുടേയും റീസ്റ്റോറേഷൻ വർക്കുകൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടികളെടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിച്ച് ചേർത്ത് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
കേടുവന്ന ഭാഗങ്ങൾ മഴ മാറിയാൽ ഉടനെ നേരെയാക്കുവാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. സെപ്തംബർ രണ്ടാം വാരത്തിൽ 2.34 കിലോമീറ്റർ നീളവും ബി.എം.എസ്. ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്നതിന് എം.എൽ.എയുടെ സൗകര്യം കൂടി നോക്കി സെപ്തംബർ മാസം പകുതിക്ക് ശേഷം യോഗം വിളിക്കും.
-മന്ത്രി റോഷി അഗസ്റ്റിൻ.