ചാലക്കുടി: തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വളർത്തുനായ്ക്കൾക്ക് ലൈസൻസ് അനുവദിക്കുകയും വന്ധ്യംകരണം നടത്തുകയും ചെയ്യും. ഇവയെ വളർത്താനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും ചെയർമാൻ എബി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തെരുവ് കച്ചവട നിരോധിത നിയന്ത്രിത മേഖലകൾക്ക് അംഗീകാരവും നൽകി. അംഗീകൃത തെരുവുകച്ചവടക്കാരുടെ തിരഞ്ഞെടുക്കപ്പെട്ട 9 പ്രതിനിധികളും ഇവരുടെ യൂണിയൻ പ്രതിനിധികളും വ്യാപാരി പ്രതിനിധികളും പൊലീസ് എന്നിവരങ്ങിയ കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് പോട്ടയിൽ 25 സെന്റ് ഭൂമി അനുവദിക്കൽ, പോട്ട മിനി മാർക്കറ്റ് നവീകരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നീ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, ഷിബു വാലപ്പൻ, വി.ജെ. ജോജി, വത്സൻ ചമ്പക്കര, കെ.എസ്. സുനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.