 
തൃശൂർ: പച്ചക്കറി വിൽക്കുന്ന കർഷകർക്ക് ലഭിക്കുന്ന ബില്ലുമായി ബാങ്കിന്റെ ശാഖയിൽ പോയാൽ ഉടൻ പണം കിട്ടുന്ന പുതിയ സംവിധാനം നടപ്പായാൽ ഓണവിപണിയിൽ കൈ പൊള്ളില്ല. പച്ചക്കറി വിറ്റ ശേഷം ആറ് മുതൽ എട്ടു മാസത്തിലേറെയായി ഹോർട്ടികോർപ്പിൽ നിന്ന് പണം കിട്ടാതെ നട്ടംതിരിയുന്ന കർഷകർക്കും ഈ പദ്ധതി ഓണസമ്മാനമാകും.
ഹോർട്ടികോർപ്പിന് പച്ചക്കറി വിൽക്കുന്ന കർഷകർക്ക് പണം വൈകുന്നുവെന്ന പരാതി വർഷങ്ങളായുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഹോർട്ടികോർപ്പ് ഔട്ട് ലെറ്റുകളിൽ പച്ചക്കറിക്ക് ക്ഷാമവും രൂക്ഷമായിരുന്നു. ഓണത്തിനും വിഷുവിനുമെല്ലാം പച്ചക്കറി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിൽ നിർണായകമായ ഹോർട്ടികോർപ്പിൽ നാടൻ പച്ചക്കറിയിനങ്ങളും സമൃദ്ധമായിരുന്നു.
തദ്ദേശീയമായ പച്ചക്കറി ലഭ്യമല്ലെങ്കിൽ മാത്രമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വാങ്ങാറുള്ളത്. ബില്ലിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് ബാങ്ക് നൽകുന്ന പണം പിന്നീട് പലിശ സഹിതം ഹോർട്ടി കോർപ്പ് നൽകുമെന്നാണ് വിവരം. ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനായി ഹോർട്ടികോർപ്പ് വയനാട് ജില്ലയിലും മറ്റും മൊബൈൽ പച്ചക്കറി വിപണനവും തുടങ്ങുന്നുണ്ട്. പച്ചക്കറികൾ കർഷകരിൽനിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച്, പൊതുമാർക്കറ്റിനേക്കാൾ 20 മുതൽ 30 ശതമാനം വില കുറച്ചാണ് ലഭ്യമാക്കുന്നത്.
ഇടുക്കിയിലെ വട്ടവട, കാന്തല്ലൂർ, പാലക്കാട്ടെ അട്ടപ്പാടി, വടകരപ്പതി, തൃശൂരിലെ പാണഞ്ചേരി, മറ്റത്തൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം പച്ചക്കറി സംഭരിക്കുന്നുണ്ട്. ജില്ലയിൽ ഗുരുവായൂർ, പാവറട്ടി, കേച്ചേരി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, തൃശൂർ, കരുവന്നൂർ എന്നിവിടങ്ങളിൽ ഹോർട്ടികോർപ്പിന് സ്വന്തം സ്റ്റാളുകളുണ്ട്.
കർഷകർക്ക് ചെറിയ തുകകൾ പോലും അനുവദിക്കാൻ നടപടിക്രമങ്ങളേറെയായിരുന്നു. കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിച്ചതിന്റെ ബില്ലുകളും മറ്റും തിരുവനന്തപുരത്തേക്ക് അയയ്ക്കാനും അത് പരിശോധിക്കാനുമെല്ലാമായി സമയമേറെ വേണ്ടിയിരുന്നു. ഓണത്തിന് പച്ചക്കറി വിൽക്കുന്ന കർഷകർക്കുപോലും പണം നൽകുന്നതിൽ കാലതാമസമുണ്ടായത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പച്ചക്കറി നൽകില്ലെന്ന് വരെ പല ജില്ലകളിലേയും കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പരാതികൾക്ക് പരിഹാരമുണ്ടാക്കാനാണ് പുതിയ സംവിധാനം.
ജില്ലയിൽ ഓണച്ചന്തകൾ ഉടൻ തുടങ്ങും. കർഷകർക്ക് ബാങ്ക് വഴി പണം ലഭ്യമാകുന്നത് സംബന്ധിച്ച് ഔദ്യോഗികവിവരം ലഭിച്ചിട്ടില്ല. കർഷകർക്ക് പണം ഉടനെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
- ഷബ്‌നം, ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്