sasi-

തൃശൂർ: മകന്റെ മുന്നിലിട്ട് അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയും, മകനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തവും ഏഴ് വർഷം കഠിന തടവും ആറ് മാസം വെറും തടവും ശിക്ഷ. ഇതോടൊപ്പം 2.05 ലക്ഷം പിഴയും വിധിച്ചു.
കുറുമ്പിലാവ് കോട്ടം പൊലിപ്പറമ്പ് കോളനി റോഡിൽ കോലിയൻ വീട്ടിൽ പ്രഭാകരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പുതുതറവാട്ടിൽ ശശിയെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ.മിനിമോൾ ശിക്ഷിച്ചത്. പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ലക്ഷം രൂപ പിഴയും മകൻ പ്രനീഷിനെ മാരകമായി പരിക്കേൽപ്പിച്ചതിന് ഏഴു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് ആറ് മാസം തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. കൊലപാതകത്തിന് സാക്ഷിയാവുകയും മാരകമായി പരിക്കേറ്റ് വധശ്രമത്തിന് ഇരയാവുകയും ചെയ്ത പ്രനീഷിന്റെ സാക്ഷിമൊഴി കേസിൽ നിർണായകമായി. സംഭവം നടക്കുമ്പോൾ സമീപത്ത് നിൽപുണ്ടായിരുന്ന ഒന്നാം സാക്ഷി സന്ദീപിന്റെയും നാലാം സാക്ഷി രാജേഷിന്റെയും മൊഴികളും സമാനമായിരുന്നു. പ്രഭാകരൻ പ്രതിയെ കളിയാക്കാറുണ്ടെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതി തന്നെയും മകനെയും കുത്തി പരിക്കേൽപ്പിച്ചതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുൻപ് പ്രഭാകരൻ മരണമൊഴി നൽകിയതായി വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മൊഴി നൽകി.
2017 ജൂൺ 28 ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. സംഭവസ്ഥലത്തെത്തിയ ശശി, പ്രഭാകരനോട് കയർത്ത് സംസാരിക്കുകയും അരയിൽ നിന്ന് കത്തിയെടുത്ത് നെഞ്ചിലും വയറ്റത്തും കുത്തുകയുമായിരുന്നുവെന്നാണ് മൊഴി. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.സുനിൽ, അഭിഭാഷകരായ കെ.എ.അമീർ, പി.ആർ.വിഷ്ണുദത്തൻ എന്നിവർ ഹാജരായി. ചേർപ്പ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ.മനോജ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.