തൃശൂർ: തെരുവുനായ ശല്യത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കോർപറേഷൻ യോഗത്തിൽ മേയർക്ക് മുന്നിൽ പരാതിയുമായി കൗൺസിലർമാർ. നായകളുടെ ശല്യം അസഹനീയമാണെന്നും പുറത്തിറങ്ങാൻ പോലും ഭയക്കുന്നുവെന്നും പല അംഗങ്ങളും പറഞ്ഞു. നായകളെ ട്രെയിനിൽ ഡൽഹിയിലേക്ക് അയയ്ക്കണമെന്ന് ഭരണപക്ഷത്തെ എം.എൽ. റോസി പരിഹസിച്ചു. പറവട്ടാനിയിൽ നിന്ന് എ.ബി.സി. കേന്ദ്രം മാറ്റണം. നായകളെ തുറന്നുവിടുന്നത് പരിസരവാസികൾക്ക് വലിയ ശല്യമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മഴയിൽ തകർന്ന് തരിപ്പണമായ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി അംഗം എൻ. പ്രസാദ് ആവശ്യപ്പെട്ടു. കുടിവെള്ള വിഷയത്തിൽ സി.പി.എമ്മിന് പറ്റിയ തെറ്റുകൾ മുടിവയ്ക്കാൻ കുറ്റം മുഴുവൻ മുൻ ഭരണസമിതികളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് രാജൻ ജെ. പല്ലൻ ആരോപിച്ചു. വർഗീസ് കണ്ടംകുളത്തിയാണ് രാഷ്ട്രീയ റിപ്പോർട്ട് എഴുതിയുണ്ടാക്കിയതെന്നും റിപ്പോർട്ടിൽ കെ. കരുണാകരന്റെ പേര് മന:പൂർവം ഒഴിവാക്കിയെന്നും കുറ്റപ്പെടുത്തി. ലാലൂരിലെ നിർമ്മാണ പ്രവൃത്തികൾ തടസപ്പെട്ടത് ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടി. എന്നാൽ പ്രവൃത്തികൾ തടസപ്പെട്ടിട്ടില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. മഴ മൂലമാണ് ബയോമൈനിംഗ് നിറുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അജണ്ടയിൽ സാങ്കേതിക റിപ്പോർട്ട് കൗൺസിലിൽ വയ്ക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. മേയറുടെ കുറിപ്പിൽ പദ്ധതിക്കായി ഫണ്ട് നൽകിയ കേന്ദ്ര സർക്കാരിനെയും പ്രധാന മന്ത്രിയെയും അഭിനന്ദിക്കാത്തതിൽ ബി.ജെ.പിയുടെ പ്രതിഷേധം പൂർണിമ സുരേഷ് അറിയിച്ചു. അമൃത് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് മേയർ വിലയിരുത്തി വേണം തുടർ പ്രവർത്തനങ്ങളുമായി മന്നോട്ട് പോകേണ്ടതെന്നും ആവശ്യപ്പെട്ടു.

മറ്റിടങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് തെരുവ് നായ ശല്യം തൃശൂരിലാണ്. കൗൺസിലർമാരുടെ ആവശ്യം ഗൗരവത്തോടെ കാണുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കും.
-എം.കെ. വർഗീസ്
(കോർപറേഷൻ മേയർ)

കൗൺസിൽ ഹാളിൽ കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയെ ഒരുവിഭാഗം ജീവനക്കാർ മർദ്ദിച്ചിട്ടും നടപടിയുണ്ടായില്ല. സംഘടനാ നേതാക്കൾ മർദ്ദിച്ചതിൽ മേയർ വിശദീകരണം നൽകണം. പൊലീസിൽ പരാതി നൽകണം.
-രാജൻ ജെ. പല്ലൻ
(പ്രതിപക്ഷ നേതാവ്)