 
തൃശൂർ: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് മണികണ്ഠനാൽ മഹാഗണപതി ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതിക്ക് ലക്ഷാർച്ചന യജ്ഞം നടത്തി. സുബ്രമണ്യ സ്വാമിക്ക് സഹസ്ര അർച്ചനയും ഉണ്ടായിരുന്നു. 20ഓളം നമ്പൂതിരിമാർ സഹകാർമികരായി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ലക്ഷാർച്ചന. വൈകീട്ട് നിറമാല ചുറ്റുവിളക്ക് പ്രസാദ വിതരണം എന്നീ പരിപാടികളും ഉണ്ടായിരുന്നു.
ചടങ്ങിന് കല്യാൺ സിൽക്സ് എം.ഡി: ടി.എസ്. പട്ടാഭി രാമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, വടക്കുന്നാഥൻ ക്ഷേത്രം മാനേജർ കൃഷ്ണകുമാർ സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.
സ്പർശം ആരോഗ്യ സംരക്ഷണ പരിപാടി
തൃശൂർ : ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ പൊലീസുദ്യോഗസ്ഥർക്കായി പ്രത്യേക ആരോഗ്യസംരക്ഷണ പരിപാടിയായ 'സ്പർശം' പദ്ധതിക്ക് തുടക്കമായി. പൊലീസുദ്യോഗസ്ഥർക്ക് യോഗ ക്ലാസുകൾ, മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനുള്ള പരിശീലനം, ശാരീരിക ക്ഷമത നിലനിറുത്താനുള്ള ലഘു വ്യായാമമുറകൾ, ആവശ്യമുള്ളവർക്ക് കൗൺസിലിംഗ്, വൈദ്യസഹായം തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സലജകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡോ.നൗഷാദ് പദ്ധതി വിശദീകരണം നടത്തി. ഡോ.ജിതേഷ് , ഡോ.തുഷാര, ഡോ.രജിത.കെ സംസാരിച്ചു.
പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം തുടങ്ങി
തൃശൂർ: ഏകജാലക പ്ലസ് വൺ പ്രവേശനം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഇന്ന് സെപ്തംബർ 1 മുതൽ 3ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി വെബ്സൈറ്റിൽ നിന്നും സ്കൂളിൽ നിന്നും അറിയാം. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാനാവില്ല. മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ അപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷൻ നൽകി അന്തിമമായി അപേക്ഷിക്കണം.