കൊടുങ്ങല്ലൂർ: തൃശൂർ - എറണാകുളം ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം നിർമ്മാണച്ചുമതല ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക്. നേരത്തെ നടന്ന ടെൻഡറിന് സർക്കാർ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒഴിവാക്കപ്പെടുകയായിരുന്നു. ഒരു ടെൻഡർ മാത്രമുള്ളൂയെന്ന സാഹചര്യം സർക്കാർ വിലയിരുത്തുകയും രണ്ടാമത് ടെൻ‌ഡർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. ഇതുപ്രകാരം വീണ്ടും ടെൻ‌ഡർ ചെയ്തപ്പോൾ മൂന്നു കമ്പനികൾ പങ്കെടുക്കുകയും അതിൽ ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് പ്രാഥമികമായ അംഗീകാരം ലഭിക്കുകയും ചെയ്തു. സർക്കാർ അംഗീകാരം ലഭിച്ചാൽ നടപടി പൂർത്തീകരിക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു. മുനമ്പം ഭാഗത്തുള്ള ജങ്കാർ മാറ്റി സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും കൂടാതെ ഡ്രഡ്ജിംഗിന് ആവശ്യമായ നടപടി അതിവേഗം പൂർത്തീകരിക്കേണ്ടതുണ്ടെന്നും നിർദ്ദിഷ്ട പാലത്തിനുവേണ്ടി സ്ഥലം നഷ്ടപ്പെട്ടവർക്ക് പണം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.