ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ യുവാവ് ബൈക്കോടിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ടെമ്പിൾ പൊലീസ് സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. മദ്യപിച്ച്, അതിസുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി അപകടകരമാം വിധം വാഹനമോടിച്ചതിന് ആളൂർ ആറമ്പുള്ളി വീട്ടിൽ പ്രണവിനെതിരെ (31) കേസെടുത്തു. തെളിയിക്കപ്പെട്ടാൽ പരമാവധി ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സുരക്ഷാവീഴ്ചയെ കുറിച്ച് ദേവസ്വവും പൊലീസും അന്വേഷണം തുടങ്ങി.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ നിന്ന് പൊലീസ് വിശദീകരണം തേടി. ശ്രമിച്ചെങ്കിലും അതിവേഗത്തിലായിരുന്ന ബൈക്കിനെ തടയാൻ കഴിഞ്ഞില്ലെന്നാണ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരുടെ വിശദീകരണം. പടിഞ്ഞാറെ നടപ്പന്തലിലെത്തിയപ്പോഴാണ് ഇയാളെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഗുരുവായൂരിലെ സുരക്ഷ ശക്തമാക്കാനുള്ള ശുപാർശ സർക്കാരിന് ഡി.ജി.പി കൈമാറി ദിവസങ്ങൾക്കകമാണ് സംഭവമുണ്ടായത്.