വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്‌കാരം നിലവിൽ വരും. തൃശൂരിലേക്ക് യാത്രക്കാരുമായി പോകുന്ന ബസുകൾ പഴയ സംസ്ഥാന പാതയിലൂടെ വന്ന് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന്റെ പുറകിൽ നിറുത്തി യാത്രക്കാരെ ഇറക്കി ഗസ്റ്റ് ഹൗസ് ലിങ്ക് റോഡ് വഴി പുതിയ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കണം. വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡുകൾക്കിടയിൽ ബസുകളുടെ ഇഴയൽ അനുവദിക്കില്ല. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഷൊർണൂർ, ചേലക്കര, കുന്നംകുളം, വരവൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് വടക്കാഞ്ചേരി പൂരക്കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് മാറ്റിയിട്ടുളളതും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. ഷൊർണൂർ, ചേലക്കര ഭാഗത്ത് നിന്നും വരുന്ന ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ ഓട്ടുപാറ ബസ് സ്റ്റാൻഡിന് മുന്നിൽ തത്ക്കാലം യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. സംസ്ഥാന പാതയിലെ കുറാഞ്ചേരിയിൽ പുതുതായി പണി കഴിപ്പിച്ച ബസ് സ്റ്റോപ്പിന് മുന്നിൽ മാത്രം ബസ് നിറുത്തി തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. അത്താണി ജംഗ്ഷനിൽ വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ പുതുതായി പണി കഴിപ്പിച്ച ബസ് സ്റ്റോപ്പിന് മുന്നിൽ മാത്രം നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. തൃശൂർ ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് നാരായണ ടവറിന് മുന്നിലേക്ക് മാറ്റി. സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ജംഗ്ഷൻ മുതൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് വരെ റോഡരികിൽ പാർക്കിംഗ് അനുവദിക്കില്ല. ഇന്ന് മുതൽ വടക്കാഞ്ചേരി പൊലീസിന്റെ കർശനമായ പരിശോധന ഉണ്ടായിരിക്കുന്നതും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.