ചാലക്കുടി: നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്നും സിന്ധു ലോജു രാജിവച്ചു. പാർട്ടി മേൽഘടകങ്ങൾ നേരത്തെയുണ്ടാക്കിയ ധാരണാപ്രകാരമാണ് രാജി. ഇതുപ്രകാരം കഴിഞ്ഞ ജൂൺ അവസാനത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പുകാരിയായ സിന്ധുലോജു രാജി വയ്‌ക്കേണ്ടതായിരുന്നു. എന്നാൽ അന്നത്തെ ചെയർമാനും ഐ ഗ്രൂപ്പുകാരനുമായ വി.ഒ. പൈലപ്പന്റെ രാജി നീണ്ടുപോയതാണ് ഇതിന് തടസമായത്. അടുത്ത വൈസ് ചെയർപേഴ്‌സൺ എ ഗ്രൂപ്പിലെ സൂസി സുനിലിനാണ് ലഭിക്കേണ്ടത്. എന്നാൽ ഐ ഗ്രൂപ്പ് നേതാക്കൾ ഇതിൽ അവകാശവാദം ഉന്നയിച്ചത് തർക്കത്തിനിടയാക്കിയിട്ടുണ്ട്. ആലീസ് ഷിബുവിനെ ഉപാദ്ധ്യക്ഷയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ബുധനാഴ്ച വൈകിട്ട് മുനിസിപ്പൽ എൻജിനീയർ എം.കെ. സുഭാഷിനാണ് സിന്ധു ലോജു രാജിക്കത്ത് കൈമാറിയത്.