
ചാലക്കുടി: ഇസ്രായേലിലെ കുറിത്തട്ടിപ്പിന് ഇരയായ മലയാളികളുടെ ബന്ധുക്കൾ പരിയാരം സ്വദേശിക്കെതിരെ ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നാൽപ്പതോളം പേരാണ് പരിയാരത്തെ മയ്യനാടൻ ലിജോ ജോർജ്ജിന്റെ പേരിൽ പരാതി നൽകിയത്. 13 കോടിയാണ് ഇസ്രയേലിൽ ലിജോ ജോർജ്ജും സംഘവും തട്ടിയതെന്നാണ് പരാതി.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇതു സംബന്ധിച്ച് ചാലക്കുടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. കണ്ണൂർ സ്വദേശനിയായ ഒരു സ്ത്രീയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മലയാളികളായ നൂറുകണക്കിന് ആളുകളെ നിയമവിരുദ്ധമായാണ് സംഘം കുറിയിൽ ചേർത്തത്. തലേമാസത്തിൽ നറുക്ക് വീണ വ്യക്തിക്ക് പണം നൽകാൻ തനത് മാസത്തെ കുറിസംഖ്യ ഓൺ ലൈനിൽ മറ്റുള്ളവർ അയച്ചു കൊടുക്കണമെന്നായിരുന്നു നിർദ്ദേശം.
ഇതു പ്രകാരം ഓരോ മാസവും കുറിയുടമകൾ അയച്ചിരുന്ന പണം, ലിജോയുടെ ബിനാമികൾക്കാണെന്ന വിവരം ഏറെ വൈകിയാണ് ഇവർ മനസിലാക്കിയത്. ഇതിനിടെ നറുക്ക് വീണ പലർക്കും പണം ലഭിക്കാതെയായി. കള്ളി വെളിച്ചത്തായപ്പോൾ കുറി നടത്തിപ്പുകാർ സ്ഥലം വിട്ടു. ഇസ്രായേൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് വഞ്ചിക്കപ്പെട്ടവരുടെ ബന്ധുക്കൾ വഴി കേരളത്തിൽ പരാതി നൽകിയത്. എന്നാൽ പരിയാരത്തെ ലിജോ ജോർജ്ജിന്റെ വീട് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൊത്തം 50 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് അടിമാലിയിലെ സെബിതോമസും കൊട്ടിയൂരിലെ ശാന്തി ജോണിയും പറഞ്ഞു.