 
തൃപ്രയാർ: ഉപ്പേരി വറവും പായ്ക്കിംഗും വിൽപ്പനയും നടത്തി തുക സമാഹരിച്ച് സഹപാഠിയുടെ കുടുംബത്തിന് താങ്ങായി വിദ്യാർത്ഥികൾ. ആ പണം കൊണ്ട് സഹപാഠിയുടെ പിതാവിന് കടയിട്ടു കൊടുത്തു. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് മാതൃകയായത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവ് പാടത്തി പറമ്പിൽ രാജന് ഉപജീവന മാർഗ്ഗമൊരുക്കാനായാണ് കുട്ടികൾ മുന്നിട്ടിറങ്ങിയത്. അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. പാചക തൊഴിലാളിയായിരുന്ന രാജൻ അസുഖം മൂലം ബുദ്ധിമുട്ടിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരിയായ ഭാര്യ സ്മിതയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ബന്ധുവീട്ടിലായിരുന്നു താമസം.
സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല. സ്ഥിരമായി വരുമാനം ഉണ്ടാക്കാനായി ഒരു തട്ടുകട ശരിയാക്കി കൊടുക്കാനായിരുന്നു ലക്ഷ്യം. ഇതിനായുള്ള ഉപ്പേരി തൃശൂരിലുള്ള ഇളവരശിയുടെ അശ്വതി ഹോട്ട് ചിപ്‌സിൽ നിന്നും തയ്യാറാക്കി. വിദ്യാർത്ഥികൾ തന്നെ കായ തൊലി കളയാനും, ഉപ്പേരി വറുത്തെടുക്കാനും, പായ്ക്ക് ചെയ്യാനും മുന്നിട്ടു നിന്നു.
250 കിലോ ഉപ്പേരി വറുത്തു. കാൽ കിലോ മുതൽ ഒരു കിലോ വരെ പാക്കറ്റുകളിലാക്കി സ്‌കൂളിലെത്തിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ഓർഡറെടുത്തും സ്‌കൂളിൽ നടന്ന എക്‌സിബിഷനിടയിലും ഉപ്പേരി വിറ്റു തീർത്തു. കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കിലോക്ക് 350 രൂപക്ക് വാങ്ങിയ ഉപ്പേരി 100 രൂപ ലാഭമിട്ടാണ് വിറ്റത്. പിരിച്ചെടുത്ത 25,000 രൂപ കൊണ്ട് നിർമ്മിച്ച തട്ടുകട വിദ്യാർത്ഥികൾ തന്നെ പെയിന്റടിച്ച് ഭംഗിയാക്കി. ടിപ്പുസുൽത്താൻ റോഡിലാണ് കട സ്ഥാപിച്ചത്. ബാക്കിയുള്ള ചെലവുകൾക്ക് ബിരിയാണി ചലഞ്ചിലൂടെയും തുക കണ്ടെത്താനാണ് പരിപാടി. എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ എം.വി.പ്രതീഷ് താക്കോൽ കൈമാറി. സ്‌കൂൾ ലോക്കൽ മാനേജർ വി.എസ്.പ്രസന്നൻ, പി.എ.സി മെമ്പർ രേഖ, പ്രിൻസിപ്പാൾ ജയാബിനി, ഹെഡ്മിസ്ട്രസ് വി.സുനിത, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശലഭശങ്കർ, പി.ടി.എ പ്രസിഡന്റ് സജീവ് കെ.വി, ഷൈജ.ഇ.ബി, ബിന്ദു പി.എസ് എന്നിവർ സംബന്ധിച്ചു.