പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കൽ, പള്ളിനട കടവ്, തൊയക്കാവ് മുനമ്പ് എന്നീ ഭാഗങ്ങളിലെ പുഴയോരം നികത്തലിനെതിരെ കർശന നടപടികളെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. നിയമസഭയിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പുഴയിൽ നിന്നും ചേറും മണ്ണും കോരി നിറച്ച് സമീപ സ്ഥലത്ത് നികത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ വില്ലേജ് ഓഫീസർ നിറുത്തൽ ഉത്തരവ് നൽകി. പ്രസ്തുത ഭൂമി വില്ലേജ് രേഖകൾ പ്രകാരം സ്ഥിര പുഞ്ച എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുഴയായി കിടക്കുന്നതിനാൽ അത് തണ്ണീർത്തടത്തിൽപ്പെടുമോ എന്നത് സംബന്ധിച്ച് പ്രാദേശികതല നിരീക്ഷണ സമിതി തലത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് വെങ്കിടങ്ങ് കൃഷി ഓഫീസർക്കും ഭൂമിയുടെ അതിർത്തി നിർണയിച്ച് തിട്ടപ്പെടുത്തുന്നതിനായി താലൂക്ക് സർവേയർക്കും രാത്രികാല പരിശോധന ശക്തമാക്കുന്നതിന് പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.