ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടന്ന് പ്രതിഷേധം

മാള: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അഷ്ടമിച്ചിറ - കൊടുങ്ങല്ലൂർ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജോയ് മതിരപ്പിള്ളി അഷ്ടമിച്ചിറ ജംഗ്ഷൻ മുതൽ വടമ പി.ഡബ്ല്യു.ഡി ഓഫീസ് വരെ ഒറ്റയ്ക്ക് നടന്നു പ്രതിഷേധിച്ചു. തുടർന്ന് ഓഫീസിലെത്തിയ ജോയ് അസി. എൻജിനിയർക്ക് പരാതി നൽകി. ഇതേ ആവശ്യം ഉന്നയിച്ച് പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ജോയ് ആരോപിച്ചു. കൊടകരയിൽ നിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂരിൽ അവസാനിക്കുന്ന സംസ്ഥാന പാതയായ എസ്.എച്ച് 51ൽ കൊടകര മുതൽ അഷ്ടമിച്ചിറ വരെ മാസങ്ങൾക്ക് മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്തിട്ടുണ്ട്. തുടർന്നുള്ള ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കുഴികളിൽ വീഴാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുമ്പോൾ പലരും അപകടത്തിൽപ്പെടുന്നുണ്ട്. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ കരാർ ഏറ്റെടുത്തിരുന്നയാൾ കരാർ കഴിയുന്ന ദിവസത്തിന് മുമ്പ് പണി തുടങ്ങുക പോലും ചെയ്യാതെ നിറുത്തി പോകുകയായിരുന്നു. എന്നാൽ കൊടകര - അഷ്ടമിച്ചിറ വരെയുള്ള റോഡിന്റെ പ്രവൃത്തി മറ്റൊരു കരാറുകാരനാണ് പൂർത്തിയാക്കിയത്. പുതിയ കരാറുകാരനുള്ള ടെൻഡർ വച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പണി തുടങ്ങുമെന്നും അസി. എൻജിനിയർ അറിയിച്ചു.