പുതുക്കാട്: പുതുക്കാട്- ചെറുവാൾ റോഡിൽ കേളിത്തോട് പാലത്തിന് ബലക്ഷയം കണ്ടതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതോടെ ടോൾ ഒഴിവാക്കി പോയിരുന്ന വാഹനങ്ങളിൽ ഭൂരിപക്ഷവും ടോൾ പ്ലാസ വഴി പോകുന്നതിനാൽ അവിടെ വരുമാനം വർദ്ധിച്ചതായി പറയുന്നു. പ്രതിദിനം നൂറുകണക്കിന് ചരക്ക് ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളാണ് ടോൾ ഒഴിവാക്കി പുതുക്കാട് വഴി പോയിരുന്നത്. രാപ്പാൾ റെയിൽവേ അടിപ്പാത വഴി പോയിരുന്ന വാഹനങ്ങൾക്ക് പറപ്പൂക്കര പള്ളത്ത് റോഡിന്റെ വശങ്ങൾ കെട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ അതുവഴിയും സഞ്ചരിക്കാനാകുന്നില്ല.
ചരക്ക് വാഹനങ്ങൾ നിയന്ത്രണമില്ലാതെ സഞ്ചരിച്ചതിനാലാണ് കേളിത്തോട് പാലത്തിന് തകരാർ ഉണ്ടായതെന്നാണ് നിഗമനം. പാലത്തിലൂടെയുള്ള ഗതാഗതം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമായി നിയന്ത്രിച്ചിരിക്കയാണ്. കാറുകൾക്ക് കൂടി കടന്ന് പോകാവുന്ന വിധം റോഡിലെ നിയന്ത്രണം മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡിപ്പാർട്ട്‌മെമെന്റാണ് റോഡ് അടച്ചു കെട്ടി ഗതാഗതം നിയന്ത്രിച്ചത്.