1

ചാലക്കുടി: ശക്തമായ മഴ തുടരുകയും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടും മുകളിലെ ഷോളയാർ ഡാം നിറയ്ക്കുന്ന പ്രവൃത്തിയിൽ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രതിഷേധിച്ചു. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം ഫെബ്രുവരി ഒന്നിനും സെപ്തംബർ ഒന്നിനും തമിഴ്‌നാട്, അപ്പർ ഷോളയാറിൽ നിന്നും വെള്ളം വിട്ട് കേരള ഷോളയാർ ഡാം നിറയ്‌ക്കേണ്ടതുണ്ട്. പുഴത്തടത്തിലെ വേനൽക്കാല ജലാ വശ്യങ്ങൾ ഉറപ്പുവരുത്താനായി ഫെബ്രുവരി ഒന്നിന് ഷോളയാർ നിറയ്ക്കണം എന്ന വ്യവസ്ഥ തമിഴ്‌നാട് തുടർച്ചയായി ലംഘിക്കുകയാണ്. ഇതുസംബന്ധിച്ച് നടപടികളെടുക്കാൻ വൈദ്യുതി ബോർഡിന് സാധിക്കുന്നില്ല. എന്നാൽ കേരളത്തിന് ദോഷകരമായ സെപ്തംബർ ഒന്നിലെ ഡാം നിറയ്ക്കലിന് ഇവർ ഉത്സാഹിക്കുകയും ചെയ്യുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. പുഴത്താരകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും മേലുള്ള ഭീഷണിയാണിത്. അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ മൂലം ഇനി വെള്ളപ്പൊക്കമുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികൃതർക്ക് ആയിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ കെ.കെ.ഷെല്ലി, കൺവീനർ എം.മോഹൻദാസ് എന്നിവർ സംസാരിച്ചു.