 
പാലിയേക്കര: ടോൾ പ്ളാസയിൽ വർദ്ധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്തിലേക്ക് രാത്രി പ്രതിഷേധ മാർച്ച് നടത്തി. നെന്മണിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി യുവതീ യുവാക്കൾ അണിനിരന്നു. പ്രകടനം ടോൾപ്ലാസ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ എല്ലാ ബൂത്തും തുറന്ന് വാഹനങ്ങൾ കടത്തി വിട്ടു. ജില്ലാ സെക്രട്ടറി അഡ്വ.എൻ.വി.വൈശാഖൻ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഒല്ലൂർ ഏരിയ സെക്രട്ടറി എൻ.എൻ.ദിവാകരൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്.റോസൽ രാജ്, സുകന്യ ബൈജു, എൻ.ജി.ഗിരിലാൽ, മിഥുൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വിജ്ഞാനോത്സവം: ജില്ലാതല പരിശീലനം
തൃശൂർ: ജില്ലാആസൂത്രണ സമിതിയുടെ 'സമേതം ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിജ്ഞാനോത്സവത്തിന്റെ ജില്ലാതല പരിശീലനം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാപഞ്ചായത്ത്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ അറിവിന്റെ ഉത്സവം നടത്തുന്നത്. അദ്ധ്യാപക പരിശീലന പരിപാടി തൃശൂർ ജില്ലാപഞ്ചായത്ത് വിദ്യാഭാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്തു. ടി.വി. മദനമോഹനൻ അദ്ധ്യക്ഷനായി. എൻ.ജെ. ബിനോയ്, പി. വിജയകുമാരി, ബിന്ദു എന്നിവർ സംസാരിച്ചു. എം.വി. മധു വിഷയാവതരണം നടത്തി. വി. മനോജ് സമേതം ജില്ലാപദ്ധതി വിശദീകരണം നടത്തി.കെ.കെ. ഹരീഷ്കുമാർ സ്വാഗതവും കെ.ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.
മിൽമ ഓണക്കിറ്റ് വിൽപ്പന ഉദ്ഘാടനം
തൃശൂർ: മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ നെയ്യ്, പായസമിക്സ്, പേഡ, ചോക്കലേറ്റ് എന്നീ നാല് ഇനങ്ങൾ അടങ്ങിയ 368 രൂപ വില വരുന്ന ഉത്പന്നങ്ങൾ 310 രൂപ എന്ന ഓണം സ്പെഷ്യൽ റേറ്റിൽ തയ്യാറാക്കി സംഘങ്ങളും ഏജൻസികളും വഴി വില്പന നടത്തും. 
ഓണക്കിറ്റിന്റെ ജില്ലയിലെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ പടിയൂർ ക്ഷീര സംഘം പ്രസിഡന്റ് പി.കെ. ഉണ്ണികൃഷ്ണന് നൽകി നിർവഹിച്ചു. 
മിൽമ ഡയറക്ടർമാരായ ഭാസ്കരൻ ആദംകാവിൽ, മുൻ ചെയർമാൻ ജോൺ തെരുവത്ത്, കെ.കെ. ജോൺസൻ, ലിസി സേവ്യർ, ജോണി ജോസഫ്, സോണി ഈറ്റക്കൻ, ടി.എൻ. സത്യൻ, താര ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
പട്ടിപിടിത്തക്കാരെ കണ്ടെത്തും
തൃശൂർ: തെരുവുനായ്ക്കളുടെ വർദ്ധന നിയന്ത്രിക്കാനുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പട്ടിപിടിത്തക്കാരെ നിയോഗിക്കുന്നു. പദ്ധതിയുടെ തുടർ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ പട്ടിപിടിത്തക്കാരില്ല. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഒ.ജി. സുരജ എന്നിവർ പങ്കെടുത്തു.