attack

എരുമപ്പെട്ടി: നാല് മാസം ഗർഭിണിയായ യുവതിയെ ഭർത്താവും അനിയനും ചേർന്ന് മർദ്ദിച്ചതായി പരാതി. ദേശമംഗലം വറവട്ടൂർ അയ്യോട്ടിൽ മുസ്തഫയുടെ മകൾ ഫരീദ ഭാനു (22) വിനെയാണ് മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടങ്ങോട് മനപ്പടി മണിയാറത്ത് ഷെക്കീർ, സഹോദരൻ ഫിറോസ് എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. നാല് വർഷം മുൻപാണ് ഗൾഫിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷെക്കീർ ഫരീദ ഭാനുവിനെ വിവാഹം ചെയ്തത്. മൂന്നര വയസുള്ള ഒരു മകൾ ഇവർക്കുണ്ട്. നൽകിയ സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ഫരീദ ഭാനു പറയാറുണ്ടെന്ന് മാതാവ് ലൈല പറഞ്ഞു. ഷെക്കീറിന്റെ വീട് പണിക്കായി സ്ത്രീധനമായി നൽകിയ 46 പവനും കൂടാതെ രണ്ട് ലക്ഷം രൂപയും ഷെക്കീർ വാങ്ങിച്ചെടുത്തു. 6 മാസം മുൻപ് ഗൾഫിൽ നിന്ന് വന്ന ഷെക്കീർ ഫരീദ ഭാനുവുമായി നിരന്തരം വഴക്കിടാറുണ്ട്. ഇതുമൂലം ഫരീദ ഭാനു സ്വന്തം വീട്ടിലാണ് അധികവും താമസിച്ച് വന്നിരുന്നത്. പുതിയ വീടിന്റെ പാല് കാച്ചലിനോടനുബന്ധിച്ച് ഒരാഴ്ച മുൻപാണ് ഫരീദ ഭാനു ഭർതൃ വീട്ടിലെത്തിയത്. നാല് മാസം ഗർഭിണിയായ ഫരീദ ഭാനുവിനെ അബോർഷന് വേണ്ടി ഷെക്കീർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വാക്‌സിനെടുക്കുന്നതിനായി ആരോഗ്യ കേന്ദ്രത്തിലേക്ക് സ്‌കൂട്ടിയിൽ കൊണ്ട് വരുന്നതിനിടയിൽ കുഴികളിൽ ചാടിച്ചും ബ്രേക്കിട്ടും ഇതിന് ശ്രമിച്ചുവെന്നും പറയുന്നു. ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനോട് ഫരീദ ഭാനു വിവരം ധരിപ്പിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ഭർത്താവ് ഷെക്കീറും അനിയൻ ഫിറോസും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുറിയിൽ കയറി വാതിലടച്ച ഫരീദ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി ഫരീദയെ ആദ്യം കുന്നംകുളത്തെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയുമായിരുന്നു. ഫരീദ ഭാനുവിന്റെ തലയ്ക്കും ശരീരമാസകലവും സാരമായി പരിക്കേറ്റിട്ടുണ്ട്. വസ്ത്രം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഗർഭത്തിലുള്ള കുട്ടിയുടെ അവസ്ഥ 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.