vazha-nattu-prethishedhik

കല്ലമ്പലം: വർഷങ്ങളായി തകർന്നു കിടക്കുന്ന കരവാരം പഞ്ചായത്തിലെ കൊട്ടളമുക്ക് - കൊണ്ണൂറി - തോട്ടയ്ക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ ഉൾപ്പെട്ട പ്രധാന റോഡാണിത്. നിത്യേന ഒട്ടേറെ യാത്രക്കാരും നിരവധി സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ റോഡിനുള്ളത്. കോൺഗ്രസ്‌ പ്രവർത്തകരും നാട്ടുകാരും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലേയ്ക്ക് സമരം ആരംഭിക്കുമെന്ന് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു. എസ്.എം. മുസ്തഫ, അഭിലാഷ് ചാങ്ങാട്, മണിലാൽ സഹദേവൻ, മജീദ് ഈരാണി, ബി. പ്രസാദ്, ഷൈൻ ആനന്ദ്, എസ്.ഷാജി, മണിലാൽ തോട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു.