
ചിറയിൻകീഴ്: ചിറയിൻകീഴ് മാതാ അമൃതാനന്ദമയി സ്വാശ്രയ സംഘത്തിലെ ആറായിരത്തോളം വരുന്ന അംഗങ്ങൾക്ക് ഓണസമ്മാനമായി അമൃതാനന്ദമയി 1000 രൂപ വീതം നൽകി. എല്ലാ ഓണത്തിനും അമ്മ നൽകുന്ന കിറ്റിന് പകരമാണ് ഇത്തവണ പണം അംഗങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് പാസ്ബുക്ക് വിതരണോദ്ഘാടനം നിർവഹിച്ച ചിറയിൻകീഴ് ആശ്രമം പ്രസിഡന്റും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡിയുമായ സി. വിഷ്‌ണുഭക്തൻ പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്‌തംബർ 11ന് ജാതിമത ഭേദമെന്യേ ആറായിരത്തോളം കുടുംബാംഗങ്ങളും ചിറയിൻകീഴ് നിവാസികളും ചേർന്ന് ഘോഷയാത്ര നടത്തും. വലിയകടയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയ്‌ക്ക് പുറമെ ശാർക്കര മൈതാനത്ത് തൃശൂർ പുലിക്കളിയും 101 പേരുടെ തിരുവാതിരക്കളിയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത സ്വാശ്രയ സംഘങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ആയുസിനും ഐശ്വര്യത്തിനുമായി ചിറയിൻകീഴ് യൂണിറ്റിലും കൂട്ട പ്രാർത്ഥന നടത്തും. ഡൽഹിയിൽ പണി പൂർത്തീകരിച്ച അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.