road

ചിറയിൻകീഴ്: പെരുങ്ങുഴി കമ്പനിത്തിട്ട-അഴൂർ ഏറത്ത് മാടൻനട റോഡ് ഗതാഗത യോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാവുന്നു.ചെമ്മൺ പാതയായതിനാൽ മഴക്കാലത്ത് കാൽനടയാത്രക്കാർക്കുപോലും റോഡിലൂടെ നടക്കാനാകാത്ത സ്ഥിതിയാണ്. അഴൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ പാതയിലൂടെ കടന്നുപോകുന്ന റോഡ് അഴൂർ കുഴിയം മേഖലയെയും പെരുങ്ങുഴി ആറാട്ട് കടവ് പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. സിഗ്നൽ സംവിധാനം ഇല്ലാത്തതും യന്ത്രത്തകരാറുമൂലമോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴോ പെരുങ്ങുഴി റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്ന സന്ദർഭങ്ങളിൽ അഴൂർ കുഴിയം പെരുങ്ങുഴി ആറാട്ട്കടവ് മേഖലകളിലുള്ളവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള ഏക റോഡും ഇതാണ്. മഴക്കാലമായാൽപ്പിന്നെ ഇരുചക്രവാഹനങ്ങൾ ചെളിയിലൂടെ കഷ്ടിച്ചാണ് കടന്നുപോകുന്നത്. കാൽനടയാത്രപോലും പിന്നെ നടക്കില്ല. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അടിയന്തരമായി ടാർ ചെയ്ത് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.