kavitha

സ്വപ്നത്തിൽ വരും ജലം

നിദ്ര‌യെ വിഴുങ്ങുവാൻ

അന്നേരമൊരു കിണർ -

ത്തുമ്പിലായ് നില്‌ക്കുന്നുണ്ടാം...

ചില്ലുപാത്രം പോലുടൻ

ഉടയും വരമ്പിലായ്

പേടിയീ മനസ്സിനെ,

ദേഹത്തെ വരിയുമ്പോൾ

മുന്നിൽ മാത്രമല്ലല്ലോ

പിന്നിലുമൊരു കിണർ

പിന്നെയോ ദുർഭൂതങ്ങൾ

ചുറ്റിലും കിണറായി...

ലോകമൊക്കെയും കിണ

റായ് വന്നു ഗ്രസിക്കവേ,

ഓടുവാൻ, ചാടാൻ വയ്യ

കരച്ചിൽക്കയത്തിലായ്...

വീട്ടുകാർ ഓടിക്കൂടും

കൺതുറക്കുമ്പോൾ വെട്ടം!

സത്യമല്ലല്ലോ കിനാ -

വെന്നാശ്വസിക്കും നേരം

സർവ്വതും വിഴുങ്ങുന്ന

കിണറായ് ലോകം, കാലം!

ജലമാം ജീവൈശ്വര്യം

ഭീതിദമാം നേരെങ്കിൽ

വേണ്ടിനി സ്വപ്നം തീർക്കും

പട്ടുകമ്പള വീഥി...