
തിരുവനന്തപുരം:നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി നെയ്യാർ ഡാമിൽ 120 എം.എൽ.ഡി പ്ളാന്റ് നിർമ്മിക്കാനുള്ള പദ്ധതിക്ക് പുതിയ ടെൻഡറായി. അനിശ്ചിതമായി പദ്ധതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ ലോബിയും കരാറുകാരും ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. 2015ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. പ്ളാന്റിനും കുടിവെള്ള വിതരണ പൈപ്പ് ലൈനിനുമായി വെവ്വേറെ ടെൻഡറുകളാണ് തീരുമാനിച്ചിരിക്കുന്നത്. പ്ളാന്റിനും അനുബന്ധ പ്രവൃത്തികൾക്കുമായി 91 കോടിയും കുടിവെള്ള വിതരണത്തിന് 200 കോടിയുമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.നാല് കമ്പനികൾ ടെൻഡർ സമർപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ചുള്ള പരിശോധന നടന്നുവരുന്നതേയുള്ളൂ. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്ക് ടെൻഡർ ലഭിക്കും.
ജലസംഭരണി 3.62 ഏക്കറിൽ
നെയ്യാർ ഡാമിലെ സഫാരി പാർക്കിനുസമീപം ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലത്താണ് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യും. അവിടെനിന്ന് 1400 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ച് മാറനല്ലൂർ,മലയിൻകീഴ്,വിളപ്പിൽശാല,വിളവൂർക്കൽ പഞ്ചായത്തുകളിൽ വിതരണം ചെയ്യും. ആവശ്യമെങ്കിൽ നഗരത്തിൽ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലും ജലം എത്തിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചേക്കർ സ്ഥലത്ത് ആരംഭിക്കാനിരുന്ന കുടിവെള്ള പദ്ധതിയാണ് സ്ഥലപരിമിതിമൂലം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്.
100 ദശലക്ഷം ലിറ്റർ
അരുവിക്കര,പേപ്പാറ ഡാമുകളിൽ നിന്ന് പ്രതിദിനം എത്തിക്കുന്ന 300 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹം ശമിപ്പിക്കുന്നത്.വരൾച്ചാ സമയത്ത് ഇവിടങ്ങളിലെ ജലനിരപ്പിൽ കുറവുണ്ടാകുന്നത് ജലവിതരണത്തെ സാരമായി ബാധിക്കാറുണ്ട്.ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി.അടുത്തിടെ അരുവിക്കരയിൽ 75 എം.എൽ.ഡിയുടെ ഒരു പ്ളാന്റ് കൂടി നിർമ്മിച്ചിരുന്നു.1973- 85-ൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 1999ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിൽ ഇപ്പോഴുള്ളത്. ഇതുകൂടാതെ 36 എം.എൽ.ഡിയുടെ ബൂസ്റ്റർ പമ്പ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു. ഇത് കൂടാതെയാണ് നെയ്യാറിൽ സ്ഥാപിക്കുന്നത്.