pipe-1

പാറശാല: പൈപ്പ് പൊട്ടലും കൂട്ടി യോജിപ്പിക്കലും പാറശാലയിൽ തുടർ പദ്ധതിയായതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങളുടെ വെള്ളംകുടി മുട്ടി. പരശുവയ്ക്കൽ മുതൽ പാറശാല പവതിയാൻവിള വരെയുള്ള ഭാഗത്ത് ദിനംപ്രതി പൈപ്പ് പൊട്ടലുകൾ തുടരുന്നതു കാരണമാണ് വാട്ടർ അതോറിട്ടി അടിയന്തര പ്രാധാന്യമുള്ള തുടർ പദ്ധതിയായി പരിഗണിച്ച് നിരന്തരം പരിഹരിച്ച് വരുന്നത്. ഓരോ തവണയും പൈപ്പ് ലൈനിൽ പൊട്ടൽ ഉണ്ടാകുമ്പോഴും പാറശാലയിൽ രണ്ട് ദിവസമെങ്കിലും കുടിവെള്ളം തടസപ്പെടുക പതിവാണ്. ദീർഘകാലമായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടന്ന ദേശീയപാതയിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 32 കോടിയിലേറെ രൂപ ചെലവഴിച്ച് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴാണ് പൈപ്പ് പൊട്ടുന്നതിനെ തുടർന്ന് വീണ്ടും അവിടവിടെയായി വെട്ടിപ്പൊളിക്കുന്നത്. പൊട്ടിയ പൈപ്പ് കൂട്ടിയോജിപ്പിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന ഭാഗം വീണ്ടും ടാർ ചെയ്യാത്തതുകൊണ്ട് തന്നെ അവ അപകടക്കുഴികളായി അവശേഷിക്കും. പൊട്ടിയ പൈപ്പുകൾ കൂട്ടി യോജിപ്പിക്കുന്നതിനായി വാട്ടർ അതോറിട്ടി ഓരോ തവണയും പതിനായിരക്കണക്കിന് തുകയാണ് ചെലവാക്കുന്നതെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം മാത്രമില്ല.

പൈപ്പ്പൊട്ടൽ പതിവ്

മുൻപ് കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതും ജലസംഭരണികളായ കുളങ്ങളിലെ ചോർച്ചയും മോട്ടോർ തകരാറും പാറശാലയിൽ കുടിവെള്ളം മുടങ്ങുന്നതിന് കാരണമായി പറയാറുള്ളത്. എന്നിലിപ്പോൾ പൊട്ടലുകൾ മാത്രമായി കാരണം. താത്കാലിക പ്രശ്ന പരിഹാരമായി കാളിപ്പാറ നിന്നുള്ള വെള്ളം പാറശാലയിൽ എത്തിക്കുന്നതിനായി പൊൻവിള നിന്നും ഇടിച്ചക്കപ്ലാമൂട് വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് പാറശാലയിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ദുരിതത്തിൽ ജനം

ഇടിച്ചക്കപ്ലാമൂട് മുതൽ പവതിയാൻവിള വരെ സ്ഥാപിച്ചിട്ടുള്ള പഴയ പൈപ്പുകൾ മാറ്റി പകരം പുതിയത് സ്ഥപിക്കാത്തതു കാരണം പൊട്ടൽ തുടർകഥയായിട്ട് തന്നെ തുടരുകയാണ്.

ഒരുതവണ പൈപ്പ് പൊട്ടുമ്പോൾത്തന്നെ പാറശാല ടൗണിലെ കുടിവെള്ളം മുടങ്ങും. സമീപത്തെ ഉയർന്ന മേഖലകളായ നേടുവാൻവിള, ഇഞ്ചിവിള, ചെറുവാരക്കോണം, ഇടിച്ചക്കപ്ലാമൂട് തുടങ്ങിയ സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് മൂന്ന് ദിവസത്തോളം കുടിവെള്ളം കാണാൻപോലും കിട്ടില്ല.