valiyakunnu-gramam

കല്ലമ്പലം: വികസന മുരടിപ്പിൽ മടവൂർ പഞ്ചായത്തിലെ വലിയകുന്ന് ഗ്രാമം വീർപ്പുമുട്ടുന്നു. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയകുന്നിലെ ജനങ്ങൾ വൈദ്യുതി, മരുന്ന് വെള്ളം തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകയാണ്. ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അടിക്കടി വൈദ്യുതി നിലയ്ക്കുന്ന വാർഡിൽ മണ്ണെണ്ണ പോലും ലഭിക്കാതെ കൂരിരുട്ടിലാണ് പ്രദേശവാസികൾ. തെരുവ് വിളക്കുകൾ വല്ലപ്പോഴുമാണ് കത്തുന്നത്. ജീവിതശൈലീരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് ചികിത്സയ്ക്കായി യാതൊരുവിധ സംവിധാനങ്ങളും വാർഡിലില്ല. ദൂരെയുള്ള പഞ്ചായത്തിന്റെ പ്രൈമറി ഹെൽത്ത് സെന്റർ മാത്രമാണ് ഇവരുടെ ഏക ആശ്രയം. പ്രദേശത്ത് പഞ്ചായത്ത് കിണറും രണ്ട് സെന്റ്‌ വസ്തുവും ഉണ്ടെങ്കിലും ഇതിൽ ഒരു അങ്കണവാടി നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നടന്നില്ല. പ്രദേശത്തെ കുരുന്നുകൾ ദൂരെയുള്ള അമ്പിളിമുക്കിലെയും കരിമ്പുവിളയിലെയും അങ്കണവാടികളെയാണ് ആശ്രയിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതും, വീടില്ലാത്തതുമായി നിരവധിപേരാണ് വാർഡിലുള്ളത്. ഇവർക്ക് വീടോ ഭൂമിയോ ലഭ്യമാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് ആക്ഷേപം.