
ആകെ കുഴഞ്ഞ് ഐശ്വര്യനഗർ നിവാസികൾ
തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിനെക്കാൾ ഉയരത്തിൽ ഓട നിർമ്മിച്ചത് കാരണം ബുദ്ധിമുട്ടിലായി 26 കുടുംബങ്ങൾ. ദേശീയപാത വികസനത്തിന്റെയും കേശവദാസപുരം ജംഗ്ഷൻ വികസനത്തിന്റെയും ഭാഗമായി കേശവദാസപുരം മുതൽ ഫുഡ് കോർപ്പറേഷൻ ഓഫീസ് വരെയുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഓട നിർമ്മാണം.
പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കാത്തതു കാരണം റോഡിന്റെ താഴ്ന്നഭാഗത്തെ വശത്തുള്ള ഐശ്വര്യ നഗർ റസിഡന്റസ് അസോസിയേഷൻ പരിധിയിലെ കുടുംബങ്ങൾക്ക് വീടുകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
നിർമ്മാണം കഴിഞ്ഞപ്പോൾ ഓട റോഡിനെക്കാൾ 3.5 മീറ്റർ ഉയരത്തിലായതാണ് പ്രശ്നമായത്. ഐശ്വര്യ നഗർ റസിഡന്റസ് അസോസിയേഷനിലെ വീടുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ മുന്നിൽ ഇപ്പോൾ ഓട ഉയർന്ന് നിൽക്കുകയാണ്. കഴിഞ്ഞ 20നാണ് ഇവിടെ നിർമ്മാണം ആരംഭിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ജോലികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.
വരുന്ന ഒരാഴ്ച അതി തീവ്രമായ മഴ സംസ്ഥാനത്തുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ജോലികൾ ഒന്നും നടക്കില്ലെന്ന് ഉറപ്പായി. അതുകൊണ്ടുതന്നെ എങ്ങനെ വീടുകളിലേക്ക് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. ജോലികൾ വൈകിയാൽ ശക്തമായ ഉപരോധ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.