ponmudi

വിതുര: മലയോരമേഖലയിൽ ശക്തമായ മഴ തുടരുന്നു. പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലയിൽ ശക്തമായ മഴ പെയ്യുന്നത്. ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് പെയ്യുന്ന കനത്ത മഴയിൽ പലയിടത്തും വെള്ളം പൊങ്ങി. പലസ്ഥലങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും, കാറ്റും അനുഭവപ്പെടുന്നുണ്ട്. നദികൾ കരകവിഞ്ഞൊഴുകി. പേപ്പാറഡാം നിറഞ്ഞു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. വ്യാപകമായ കൃഷിനാശവുമുണ്ടായതായി കർഷകർ പറയുന്നു. മരച്ചീനി, വാഴ, പച്ചക്കറി കൃഷികളാണ് വ്യാപകമായി നശിച്ചത്. റബർതോട്ടങ്ങളിലും വെള്ളം കയറുകയും മരങ്ങൾ കടപുഴകുകയും ചെയ്തിട്ടുണ്ട്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയുൾപ്പെടെയുള്ള റോഡുകൾ താറുമാറായി. റോഡുകൾ വെള്ളക്കെട്ടാകുകയും, ചെളിയും, മണ്ണും, കല്ലും മണലും ഒലിച്ചിറങ്ങി റോഡ് വികൃതമായി മാറുകയും അപകടങ്ങൾ അരങ്ങേറുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് മരുതാമല മക്കിയിൽ ആറ് വീടുകളിൽ വെള്ളംകയറി. കല്ലാർ,പേപ്പാറ, ചാത്തൻകോട് ആദിവാസിമേഖലകളിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. മീനാങ്കലിലും തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ട് വീടുകളിൽ വെള്ളംകയറി. ആദിവാസിമേഖലകൾ ഒറ്റപ്പെട്ടനിലയിലാണ്. വാമനപുരം നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നദീ തീരങ്ങൾ വ്യാപകമായി ഇടിയുകയും ചെയ്തു. ഏക്കർകണക്കിന് ഭൂമി മഴയത്ത് ഒലിച്ചുപോയി. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. നദിയുടെ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ ഓരങ്ങളിൽ അധിവസിക്കുന്നവർ ഭീതിയിലായി. ചെറ്റച്ചൽ, പൊന്നാംചുണ്ട് പാലങ്ങൾ വെള്ളത്തിൽ മുങ്ങി. നദീതീരങ്ങളിൽ വസിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന നിർദ്ദേശമുണ്ട്. വിതുര ഐസറിന് സമീപം കാണിത്തടം ആദിവാസി ഊരിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോഴ്സ് വാഹനത്തിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വാഹനം നിറുത്തിയശേഷം ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല.

നദി കരകവിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

കനത്തമഴയെ തുടർന്ന് ചിറ്റാർ നദിയിൽ ജലനിരപ്പ് ഉയരുകയും നദി ഗതി മാറി ഒഴുകുകയും ചെയ്തു. ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങി. പൊന്മുടി റോഡിൽ വെള്ളം കയറിയതോടെ അഞ്ചു മണിക്കൂറോളം ഗതാഗതം നിലച്ചു. മഴക്കാലത്ത്‌ ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങുകയും പൊന്മുടി വിതുര റൂട്ടിൽ ഗതാഗതം തടസ്സപ്പെടുകയും പതിവാണ്.

കനത്ത മഴകാരണം ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു. വിതുര ഗവ. ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പിലേക്ക് 32 പേരെയാണ് മാറ്റിയത്.

പൊൻമുടിയിൽ മണ്ണിടിച്ചിൽ

കോരിച്ചൊരിയുന്ന മഴയെ തുടർന്ന് പൊൻമുടി റോഡിൽ ഇന്നലെ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിതുരയിൽ നിന്നും ഫയർഫോഴ്സ് എത്തി മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊൻമുടിയിലും കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

പേപ്പാറ ഡാം തുറന്നു

പേപ്പാറഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴപെയ്തതിനെ തുടർന്ന് ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതിനെ തുടർന്ന് ഡാമിലെ നാല് ഷട്ടറുകളും ഇന്നലെ രാവിലെ ജില്ലാകളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പത്ത് സെൻറീമീറ്റർ വീതം ഉയർത്തി. മഴ കനത്താൽ ഇനിയും ഷട്ടർ ഉയർത്തും.

മിന്നലേറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ കേടായി

പെരുമഴയ്ക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലേറ്റ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഇലക്ട്രിക് ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. അനവധി ടി.വി,​ഫാൻ,ഫ്രിഡ്ജ് ,ലാപ്പ് ടോപ്പ്, കംപ്യൂട്ടർ എന്നിവ കേടായി. വീശിയടിച്ച കാറ്റിൽ റബർമരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു വൈദ്യുതിലൈനുകളും വ്യാപകമായി പൊട്ടിവീണു. ഇതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസപ്പെടുകയും ചെയ്തു.