1

വിഴിഞ്ഞം: നാഥനില്ലാതെ തരം താഴ്ത്തപ്പെട്ട് വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോ. ജില്ലയിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞത്തേത്. നിലവിലുണ്ടായിരുന്ന എ.ടി. ഒ ഉൾപ്പെടെയുള്ള ഓഫീസ് സ്റ്റാഫുകളെ കഴിഞ്ഞമാസം പാപ്പനംകോട്ടേക്ക് സ്ഥലംമാറ്റി. അഞ്ചോളം ഡിപ്പോകൾക്ക് ഒരു എ. ടി. ഒ എന്ന നിലയിലാണ് ഇപ്പോൾ. കഴിഞ്ഞ വ‌ർഷം വിഴിഞ്ഞം ഡിപ്പോ സന്ദർശിച്ച ഗതാഗതമന്ത്രി അത്യാധുനിക ഓഫീസ് കോംപ്ലക്‌സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരുവർഷം പിന്നിട്ടപ്പോൾ തരംതാഴ്ത്തലിലേക്കു പോയി. ഡിപ്പോയിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിണർ കുഴിക്കുന്നതിന് ഭൂതല ജല വകുപ്പിന്റെ സഹായം തേടാനും ജീവനക്കാർക്കു മാത്രമായി ഡിപ്പോ വളപ്പിൽ പ്രവർത്തിച്ചിരുന്ന ക്യാന്റീൻ നവീകരിച്ച് നടത്തിപ്പ് കുടുംബശ്രീയെ ഏല്പിക്കാനും പൊതുജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ച് കഴിഞ്ഞ സെപ്തംബറിൽ പുനരാരംഭിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും അതും നടപ്പായില്ല.

കുറയാതെ കളക്ഷൻ

74 ഷെഡ്യൂളുകളും 75 വാഹനങ്ങളും ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 48 ഷെഡ്യൂളുകൾ മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഡിപ്പോയാണിത്. ഷെഡ്യൂളുകൾ കുറഞ്ഞിട്ടും വരുമാനം കുറഞ്ഞിട്ടില്ല. പ്രതിദിനം ആറുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. അതേസമയം തിരുവനന്തപുരത്തുനിന്നും വിഴിഞ്ഞം പൂവാർ റൂട്ടിൽ എത്ര സർവീസുകൾ നടത്തിയാലും വരുമാനം ലഭിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ ഡ്രൈവർമാർ ഉണ്ടെകിലും ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ല. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടുകൂടി സ്കൂൾ വിദ്യാർത്ഥികളും രാത്രി യാത്രികരുമാണ് ബുദ്ധിമുട്ടിലായത്.


ഷട്ടിൽ സർവീസുകൾ ഭീഷണി....

നിലവിൽ 10 ഷട്ടിൽ സർവീസ് ബസുകളാണ്‌ വിഴിഞ്ഞത്തുള്ളത്, ഇതിൽ കയറുന്ന യാത്രക്കാർക്ക് കൈപിടിക്കുന്നതിനുള്ള സൗകര്യമില്ലെന്നാണ് പരാതി. ചെറിയ ബ്രെക്ക് ചെയ്‌താൽ പോലും യാത്രക്കാർ വീഴും. ഉയരക്കൂടുത‌ൽ കാരണം കണ്ടക്ടർമാർക്കും ബെൽ അടിക്കുന്നതിനു എത്തുന്നില്ല.

ക്യാഷ് കൗണ്ടറിലും കൺസെക്ഷൻ വിഭാഗത്തിലും ഉൾപ്പെടെ അത്യാവശ്യ ജീവനക്കാർ മാത്രമേയുള്ളൂ.

വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയാൽ ഇനിമുതൽ പാപ്പനംകോട് വർക് ഷോപ്പിൽ കൊണ്ടുപോകേണ്ടിവരും