lock-down

തിരുവനന്തപുരം: കൊവിഡ് ലോക് ഡൗണിനുശേഷം കേരളത്തിൽ സിന്തറ്റിക് മയക്കുമരുന്നിന്റെ കടത്തും ഉപഭോഗവും വൻതോതിൽ വർദ്ധിച്ചു.

കടത്താനും ഉപയോഗിക്കാനും മദ്യത്തെയും കഞ്ചാവിനെയുംകാൾ സുരക്ഷിതമായതുകൊണ്ടാണ് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് ന്യൂജനറേഷൻ മാറിയത്.പെൺകുട്ടികളടക്കം വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ജീവിതം തകർക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

2020ൽ 564 ഗ്രാം എം.ഡി.എം.എയായിരുന്നു സംസ്ഥാനത്താകെ എക്സൈസ് പിടികൂടിയത്. 2021ൽ ഇത് 6130.5ഗ്രാമായി.പത്തിരട്ടിയായി വർദ്ധിച്ചെന്ന് അർത്ഥം. ഇക്കഴിഞ്ഞ ആറുമാസത്തിനകം 4036 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഈ നിലയിൽ ആറുമാസം കൂടി പിന്നിട്ടാൽ മുൻ വർഷത്തിന്റെ ഇരട്ടിയായി എം.ഡി.എം.എ കേസുകൾ വർദ്ധിക്കും.

. 2020ൽ 4968 മയക്കുമരുന്ന് കേസുകളായിരുന്നു പൊലീസ് ആകെ രജിസ്റ്റർ ചെയ്തതെങ്കിൽ, ഇക്കഴിഞ്ഞ ആറുമാസം അതിന്റെ മൂന്നിരട്ടികേസുകളുണ്ടായി. സംസ്ഥാനത്തെത്തുന്ന മയക്കുമരുന്നിന്റെ നാലിലൊന്നുപോലും പിടിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.കഞ്ചാവ്, ഹാഷിഷ് ഓയിൽഎന്നിവ പിടികൂടിയ കേസുകളും കഴിഞ്ഞ രണ്ട് വർഷമായി വർദ്ധിച്ചിട്ടുണ്ട്.

 ബംഗളുരു ഹബ്ബ്

രാജ്യാന്തരബന്ധമുള്ള മയക്കുമരുന്ന് ശൃംഖലകളുടെ താവളമായ ബംഗളുരുവിൽ നിന്നാണ് കേരളത്തിലേക്ക് ഗുളിക, പരൽ, പൗഡർ രൂപങ്ങളിൽ സിന്തറ്റിക് മയക്കുമരുന്നുകളെത്തുന്നത്. അവിടെ എം.ഡി.എം.എ നിർമ്മിക്കുന്ന നൈജീരിയൻ സംഘത്തെ ഒരുവർഷം മുമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറ്റലി, ജർമ്മനി, സ്പെയിൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ടാബ് ലറ്റ് രൂപത്തിൽ പാഴ്സലുകളായും മയക്കുമരുന്നെത്തുന്നുണ്ട്.

 അരഗ്രാമിൽ കൂടിയാൽ അകത്താകും

അരഗ്രാം വരെ എം.ഡി.എം.എ കൈവശം വച്ച കേസുകളിൽ ജാമ്യം ലഭിക്കും. അതിന് മുകളിൽ പത്ത് ഗ്രാം വരെ മീഡിയം അളവെന്നും പത്ത് ഗ്രാമിന് മുകളിൽ കൊമേഴ്സ്യൽ അളവെന്നും പരിഗണിക്കും. മീഡിയം, കൊമേഴ്സ്യൽ അളവിൽ കൈവശം വച്ചാൽ ജാമ്യമില്ലാകുറ്റമാണ്.

'വിശ്വാസയോഗ്യമായ വിവരത്തിന്റെയും സംശയകരമായ സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റുകളിലുൾപ്പെടെ ഏത് വാഹനവും പരിശോധിക്കാൻ എക്സൈസിന് അധികാരമുണ്ട്. മദ്യ,മയക്കുമരുന്ന് ലഹരിയിൽ വാഹനം ഓടിക്കുന്നവരെയും പിടികൂടാം".

-ഇ.എൻ സുരേഷ്,​

അഡി. എക്സൈസ് കമ്മിഷണർ.

എക്സൈസ് കേസ്

(വർഷം, ആകെ എണ്ണം, അറസ്റ്റ്, കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ എന്ന ക്രമത്തിൽ)

 2020:.....3667.........3791.........3209കി.ഗ്രാം......9.650 കി.ഗ്രാം......... 564ഗ്രാം.

 2021:....3922..........3916........5632.6 കി.ഗ്രാം...16.062 കി.ഗ്രാം...... 6130.5ഗ്രാം.

 2022:....1910..........1866........1921.1കി.ഗ്രാം.....21.287കി.ഗ്രാം.......4035ഗ്രാം

(മേയ് 31വരെ)

പൊലീസ് കേസ് (വർഷം, കേസ് )

 2020 - 4968

 2021 - 5680

 2022 - 11,714