chennithala

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ സാക്ഷികളുടെ കൂറുമാറ്റം തടയാനാകാതെ പ്രോസിക്യൂഷൻ നോക്കുകുത്തിയാവുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ രക്ഷിക്കാനും വിചാരണ അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ വിവരങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിലുൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് സർക്കാർ പൊതുസമൂഹത്തിന് ഉറപ്പ് നൽകിയതാണ്. ഇത് കാപട്യമാണെന്നിപ്പോൾ വെളിവായി. കേരളത്തിന്റെ നിയമ സംവിധാനങ്ങളുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി കേസ് മാറരുത്. ഇനിയും അലംഭാവം കാണിക്കാതെ മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷയുറപ്പാക്കണം.