വെള്ളറട: മലയോരത്ത് തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴയ്ക്ക് തിങ്കളാഴ്ച പുലർച്ചെ നേരിയ ശമനം ഉണ്ടായെങ്കിലും രാവിലെ വീണ്ടും മഴ ശക്തിപ്രാപിച്ചു. വെള്ളറട,​അമ്പൂരി, ആര്യങ്കോട്,​ ഒറ്റശേഖരമംഗലം,​ കുന്നത്തുകാൽ​ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തകർന്ന റോഡുകളിലെ യാത്ര അപകടകരമായിരിക്കുകയാണ്.

കുഴികളിൽ വെള്ളംകെട്ടി​ നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. മലയോര ഹൈവേ നിർമ്മാണം നടന്ന ചെറിയകൊല്ലയിൽ പുതുതായി നിർമ്മിച്ച ഓടയിലൂടെ വെള്ളം ഒഴുകിപോകാത്തതു കാരണം ചെറിയകൊല്ലയിലെ വീടുകളിൽ മഴവെള്ളം കയറുകയാണ്. വെള്ളം റോഡിൽത്തന്നെ കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ചെറുതോടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിർത്തിയിലെ ചിറ്റാർ ഡാമിലും ശക്തമായ മഴയിൽ മലവെള്ളം ഒഴുകിയെത്തുന്നത് ഡാമിലും ജലനിരപ്പ് കൂടുകയാണ്. അമ്പൂരിയിൽ മണ്ണിടിച്ചൽ ഭീഷണിയുള്ള വാഴിച്ചലിലും കുട്ടമല കുരിശുമല താഴ്വാരത്തും റവന്യുവും ഗ്രാമപഞ്ചായത്ത് അധികൃതരും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.