
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയ്‌ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 5ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ബോർഡ് വൈസ്‌ചെയർമാൻ പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഖാദി ബോർഡ് രൂപകൽപ്പന ചെയ്‌ത ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. ആയിരം രൂപയ്‌ക്ക് മുകളിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങുന്നവർക്കായി സമ്മാനപദ്ധതിയുമുണ്ട്. പത്ത് പവൻ സ്വർണമാണ് ബമ്പർ സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് പവനും മൂന്നാം സ്ഥാനക്കാർക്ക് ഒാരോ ജില്ലയിലും ഒരു പവൻ വീതവും നൽകും. സമ്മാന കൂപ്പൺ വിതരണം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കുമായുള്ള കോട്ട് ചടങ്ങിൽ പുറത്തിറക്കും. സാധാരണ ഖാദി തുണിത്തരങ്ങൾക്ക് പുറമേ ചുരിദാർ ടോപ്പുകൾ,കുഞ്ഞുടുപ്പുകൾ, പാന്റ്‌സ്‌പീസ്, വിവാഹ വസ്ത്രങ്ങൾ,റെഡിമെയ്‌ഡ് ഷർട്ടുകൾ, പട്ട് സാരികൾ,ദോത്തികൾ,മെത്തകൾ,തേൻ,തേൻ ഉത്‌പന്നങ്ങൾ,കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവയുമുണ്ടാകും. പ്രധാന ഷോറൂമുകളിൽ ഡിസൈനറുടെ സേവനവുമൊരുക്കും. സ്റ്റിച്ചിംഗ്, ലോൺട്രി സൗകര്യവുണ്ടാകും. സെപ്‌തംബർ ഏഴു വരെയാണ് മേള. 30 ശതമാനം റിബേറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ആഴ്‌ചയിലൊരിക്കൽ സർക്കാർ ജീവനക്കാർ ഖാദി ധരിക്കണമെന്ന നിർദ്ദേശം വിൽപനയിൽ ചലനമുണ്ടാക്കിയതായി പി.ജയരാജൻ പറഞ്ഞു. മത സാമുദായിക സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കാനായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 15ന് ഖാദി ഉപഭോക്താക്കളുടെ സംഗമം ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. സ്ഥിരമായി ഖാദി ധരിക്കുന്നവരെ ചടങ്ങിൽ ആദരിക്കും.
കേന്ദ്രനടപടി പിൻവലിക്കണം
ഖാദിക്ക് ജി.എസ്.ടി ചുമത്താനുള്ള തീരുമാനം ഈ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യം മനസിലാക്കി ജി.എസ്.ടിയിൽ നിന്ന് ഖാദിയെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു