cpi-and-cpm

തിരുവനന്തപുരം: ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പുനരേകീകരണമെന്ന ആശയം വീണ്ടുമുയർത്തി സി.പി.ഐ. ബി.ജെ.പിയുടേത് ഫാസിസ്റ്റ് ഭരണമാണെന്ന് അടിവരയിടുന്ന സി.പി.ഐ, ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിന് നേതൃത്വം കൊടുക്കാനുള്ള സംഘടനാശേഷി കോൺഗ്രസിന് നഷ്ടമായെന്നും വിലയിരുത്തുന്നു.

കോൺഗ്രസ് ഉൾപ്പെടെയുള്ള വിശാല മതനിരപേക്ഷ സഖ്യമെന്ന ലക്ഷ്യം കൊല്ലത്ത് നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ഉയർത്തിപ്പിടിച്ച സി.പി.ഐ, പുതിയ കാലത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതീക്ഷയർപ്പിക്കുന്നില്ല. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

തത്വാധിഷ്ഠിതമായ കമ്യൂണിസ്റ്റ് ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുന്ന സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്തെ വിശാലമായി നോക്കിക്കാണാനോ, നേതൃത്വം കൊടുക്കാനോ കെല്പില്ലാത്തവരായി കോൺഗ്രസ് നേതൃത്വം മാറിയെന്നത്, സി.പി.ഐയുടെ മുൻനിലപാടിൽ നിന്നുള്ള പ്രകടമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.ഹിന്ദി ഹൃദയ ഭൂമിയായ ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിന് പകരം വയനാട്ടിൽ വന്ന് രാഹുൽഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിച്ചത് ഒളിച്ചോട്ടമായി എതിരാളികൾ കണ്ടു. വിശാല മതനിരപേക്ഷ സഖ്യത്തിലെ പ്രധാന കണ്ണിയാണ് ഇടതുപക്ഷമെന്നത് മറന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് ഇവിടെ പ്രതിഫലിച്ചതെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.

 ലയനമല്ലെന്ന് നേതാക്കൾ

കമ്മ്യൂണിസ്റ്റ് പുനരേകീകരണമെന്ന ലക്ഷ്യത്തെ സി.പി.എം, സി.പി.ഐ ലയനമായി വ്യാഖ്യാനിക്കേണ്ടെന്ന് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ വിവിധ ലക്ഷ്യങ്ങൾക്കായി യോജിച്ച് പോരാടി കൂടുതൽ ശക്തി കൈവരുത്തുക വഴി ക്രമേണ ഒറ്റപ്പാർട്ടിയാവുകയാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന ദീർഘകാല ലക്ഷ്യം.

 വേണ്ടത് സഹകരണം: സി.പി.എം

രണ്ട് പാർട്ടികളായി നിൽക്കുമ്പോൾ സാദ്ധ്യമായിടത്തോളം സഹകരിച്ച് നീങ്ങുകയാണ് വേണ്ടതെന്ന്, സി.പി.ഐ ലക്ഷ്യത്തോട് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചു. ചരിത്രപരമായ കാരണങ്ങളാലുണ്ടായ ഭിന്നിപ്പാണ്. ഇപ്പോഴും പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ ഇരുപാർട്ടികളും തമ്മിലുണ്ട്. എന്നാലും പരമാവധി യോജിച്ച് നീങ്ങുന്നു. ഇരുപാർട്ടികളുടെയും വിദ്യാർത്ഥി, യുവജന, തൊഴിലാളി പ്രസ്ഥാനങ്ങളിലെല്ലാം ഐക്യം സാധിച്ചെടുക്കണം. മാദ്ധ്യമ ചർച്ചയ്ക്കുതകുന്ന പ്രസ്താവനകൾക്ക് പകരം, പരസ്പരം കുറ്റപ്പെടുത്തലുകളില്ലാതെയുള്ള യോജിപ്പ് സാദ്ധ്യമാക്കണം.-ബേബി കേരളകൗമുദിയോട് പറഞ്ഞു.