ഉദിയൻകുളങ്ങര: തെക്കൻ മലയോര മേഖലയിൽ തുടരുന്ന കനത്തമഴയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും. ആദിവാസി ഊരുകൾ കനത്ത മഴയിൽ ഒറ്റപ്പെട്ടു. വൈകിട്ട് മുതൽ ആരംഭിച്ച തോരാത്ത മഴയിൽ മലയോര ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ആദിവാസി ഊരുകൾ.
കത്തിപ്പാറ, ചങ്കിലി, മുതുവാൻകോണം, വാഴിച്ചൽ, നൂലിയം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. മലയോര ഹൈവേയിലെ വെള്ളറട കാരക്കോണം റോഡിലെ ചെറിയ കൊല്ലയിൽ റോഡിൽ വലിയ വെള്ളക്കെട്ടുണ്ടായി. അമ്പൂരിയിലെ വിവിധ മേഖലകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.മതിൽക്കെട്ട് തകർന്ന് അപകടമുണ്ടായ സ്ഥലം വെള്ളറട വില്ലേജ് ഓഫീസർ രതികുമാർ കെ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആനന്ദിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.