general

ബാലരാമപുരം: ഏത് നിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ ഭയന്ന് വിറച്ച് നിർദ്ധന കുടുംബം. പുന്നക്കാട് കട്ടത്തറ മേലേ പുത്തൻവീട്ടിൽ പ്രഭാകരൻ - ഷീല ദമ്പതികളുടെ വീടാണ് കനത്ത മഴയിൽ അപകടഭീഷണി നേരിടുന്നത്. മൺകട്ടകൊണ്ട് നിർമ്മിച്ച വീടിന് 25 വർഷത്തോളം പഴക്കമുണ്ട്. ഷീറ്റിട്ട മേൽക്കൂരയിൽ വിള്ളൽ വീണ് മഴവെള്ളം ഊർന്നിറങ്ങി വീടിന്റെ ചുമരുകൾ അപകടഭീഷണിയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്ന് വീണിരുന്നു. ഇതോടെ നിർദ്ധന കുടുംബം ഭയപ്പാടോടെയാണ് വീടിനുള്ളിൽ കഴിയുന്നത്. ഭാര്യ ഷീല ശ്വാസകോശ രോഗിയും മാതാവ് ലളിത വാർദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലുമാണ്. ദമ്പതികൾക്ക് 22 വയസുള്ള മകനുണ്ട്. കൂലിത്തൊഴിലാളിയായ പ്രഭാകരൻ ലൈഫ് പദ്ധതിയിൽ പല തവണ അപേക്ഷ നൽകിയെങ്കിലും ഇതേവരെ ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. വീട് മെയിന്റനൻസിന് പോലും ഫണ്ട് അനുവദിക്കാതെ നിർദ്ധന കുടുംബത്തെ നെയ്യാറ്റിൻകര നഗരസഭ അധികൃതർ പാടേ ഒഴിവാക്കുന്നതായും പ്രതിഷേധമുയരുന്നുണ്ട്. നിർദ്ധന കുടുംബത്തെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.