
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്‌തംബർ ആറു മുതൽ 12 വരെ സംഘടിപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംസ്ഥാനതല ഓണാഘോഷം സെപ്‌തംബർ ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയവും സെൻട്രൽ സ്റ്റേഡിയവുമുൾപ്പെടെ നഗരത്തിലും പുറത്തുമായി 30 വേദികളിൽ ഓണാഘോഷം സംഘടിപ്പിക്കും.
ഓണാഘോഷ പരിപാടി ഗംഭീരമാക്കാൻ ടൂറിസം ഡയറക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ നടന്ന മാദ്ധ്യമ പ്രതിനിധികളുടെ യോഗത്തിലും തീരുമാനമായി. ആഘോഷത്തിന്റെ ഭാഗമായി സെപ്തംബർ ഏഴ് മുതൽ 12 വരെ ടെലിവിഷൻ ചാനലുകളുടെ നേതൃത്വത്തിൽ മെഗാഷോ നടക്കും. സമാപന ദിവസം പതിവുപോലെ കേരളകൗമുദിയുടെ നേതൃത്വത്തിൽ മെഗാ ഇവന്റ് സംഘടിപ്പിക്കും. സെപ്തംബർ 12ന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെ ഓണാഘോഷം സമാപിക്കും. ആഘോഷത്തിന്റെ ഭാഗമായി നഗരം പൂർണമായും ദീപാലങ്കാരം നടത്തും.
പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും, മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനും, സ്‌പീക്കർ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളും, ജില്ലയിലെ എം.പിമാരും എം.എൽ.എമാരും ഉപരക്ഷാധികാരികളുമായുള്ള കമ്മിറ്റി രൂപീകരിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഏഴ് വരെ അപേക്ഷിക്കാം.