തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എ.സി, എസ്.ടി വിഭാഗത്തിലും നഗരസഭയ്ക്ക് സ്വന്തമായി സ്‌പോർട്സ് ടീം രൂപീകരിക്കുന്നതായി ഫേസ്ബുക്കിൽ അറിയിച്ച മേയർ ആര്യാ രാജേന്ദ്രനെതിരെ വൻ വിമർശനം.
ഫുട്‌ബാൾ, ഹാൻഡ് ബാൾ, വോളിബാൾ, ബാസ്‌കറ്റ് ബാൾ, അത്‌ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ ടീമുകൾ രൂപീകരിക്കാനായിരുന്നു തീരുമാനം. നഗരത്തിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയത്. 'ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമുമാണ് ഓരോ കായിക ഇനത്തിലും രൂപീകരിക്കാൻ മേയർ അറിയിച്ചത്. ഇതാണ് വിവാദമായത്. സാമൂഹിക മാദ്ധ്യമങ്ങളിലും മേയർ ആര്യാ രാജേന്ദ്രൻ ഇതേ കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
25 കുട്ടികളെയാണ് ഓരോ ടീമിലും ഉൾപ്പെടുത്തുക. ഇവർക്കാവശ്യമായ പരിശീലനം കോർപ്പറേഷൻ നൽകുകയും വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും മേയർ അറിയിച്ചു. എന്നാൽ കോർപ്പറേഷൻ ഔദ്യോഗിക ടീം ഉണ്ടാക്കുമ്പോൾ അതെങ്ങനെ ജനറലെന്നും പട്ടികജാതിയെന്നും വേർതിരിക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. സപോർട്സിനെയും പട്ടികജാതി വിഭാഗത്തെയും അപമാനിച്ചുവെന്ന ആരോപണവുമായി ദളിത് നേതാക്കളടക്കം രംഗത്തെത്തി. സാമൂഹിക മാദ്ധ്യമങ്ങളിലും മേയറുടെ പോസ്റ്റിനെതിരേ രൂക്ഷ വിർമശനവും ട്രോളുകളുമാണുണ്ടായത്.
വിശദീകരണവുമായി മേയർ
സംഭവം വിവാദമായതോടെ മേയർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജനറൽ ഫണ്ട് ഉപയോഗിച്ചും പട്ടികജാതി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഫണ്ടുകളും ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും ഓരോ ടീമാണ് രൂപീകരിക്കുന്നതെന്നും മേയർ വിശദീകരണക്കുറുപ്പിൽ തിരുത്തുകയും ചെയ്തു.