തിരുവനന്തപുരം: ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പും സ്വകാര്യ ഫോറൻസിക് ലാബുമായ ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ അംഗീകാരം. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു സ്വകാര്യ സ്റ്റാർട്ടപ്പ് ലാബിന് അംഗീകാരം ലഭിക്കുന്നത്. ലാബിലെ കണ്ടെത്തലുകൾ ഇനി രാജ്യത്തെ കോടതികളിൽ വിശ്വാസ്യയോഗ്യമായ തെളിവായി സ്വീകരിക്കും.
കമ്പ്യൂട്ടർ,ഫോൺ ഉപകരണങ്ങളിൽ നിന്ന് തെളിവുകൾ വേർതിരിച്ചെടുക്കൽ,ഡിജിറ്റൽ തെളിവുകളുടെ ആധികാരികത, കൃത്രിമ തെളിവുകൾ തിരിച്ചറിയുക, ഫയലുകളും ചിത്രങ്ങളും വീണ്ടെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ലാബിൽ ചെയ്യുന്നത്.

ഗാന്ധിമതി ബാലൻ,സൗമ്യ ബാലൻ,വി.കെ.ഭദ്രൻ തുടങ്ങിയവരാണ് ആലിബൈയുടെ തലപ്പത്തുള്ളവർ. കേരളം,തമിഴ്നാട്,ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ പൊലീസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ,സി.ഇ.ആർ.ടി.ഇൻ,സിഡാക് എന്നിവയ്ക്ക് ആലിബൈ പരിശീലനം നൽകുന്നുണ്ട്. കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.സുനിൽ എസ്.പി. ആണ് ആലിബൈയുടെ ഓപ്പറേഷൻസ് ടീം തലവൻ.