തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ''ഒരു വർഷം ഒരു ലക്ഷം സംരംഭം ' പദ്ധതിയുടെ ഭാഗമായി കരകുളം ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായുള്ള ഹെല്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പരിധിയിൽ പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘങ്ങൾക്കും ആവശ്യമായ അവബോധവും സഹായവും ഹെല്പ് ഡെസ്‌ക് വഴി നൽകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന് കീഴിൽ സംരംഭകർക്കായി ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണം, സഹകരണം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലൈസൻസ്, സബ്സിഡി, വായ്പ തുടങ്ങി ഒരു സംരംഭം ആരംഭിക്കാൻ ആവശ്യമായ വിവരങ്ങളും സഹായവും ഇവിടെനിന്ന് ലഭ്യമാകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഹെല്പ് ഡെസ്‌ക് പ്രവർത്തിക്കുക. വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകൾക്കാണ് ഇതിന്റെ ചുമതല. പദ്ധതിയുടെ ഭാഗമായി ലൈസൻസ്, ലോൺ, സബ്സിഡി മേളയും പഞ്ചായത്തിൽ സംഘടിപ്പിക്കും.