admission

തിരുവനന്തപുരം: പ്ലസ് വണ്ണിന്റെ ട്രയൽ അലോട്ട്മെന്റ് തിരുത്തേണ്ട സമയ പരിധി ഇന്നലെ വൈകിട്ട് അവസാനിച്ചപ്പോൾ അലോട്ട്മെന്റ് റിസൽട്ട് പരിശോധിച്ചത് 3,27,702 പേർ. അതിൽ 1,65,994 പേർ അപേക്ഷകളിൽ തിരുത്തലുകൾ വരുത്തി. നാളെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മൊത്തത്തിൽ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്.

22ന് ക്ളാസുകൾ ആരംഭിക്കാനാണ് ആലോചന. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അലോട്ട്മെന്റിൽ ഇടം നേടിയത് മലപ്പുറത്താണ്, 49496 പേർ. രണ്ടാം സ്ഥാനം കോഴിക്കോടിനും 34283 പേർ, മൂന്നാം സ്ഥാനം തൃശൂരിനുമാണ്, 29899 പേർ. ഏറ്റവും കുറവ് 8499 പേരുമായി വയനാടാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്ളസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ജൂലായ് 31ന് അവസാനിച്ചെങ്കിലും അലോട്ട്മെന്റിന്റെ ആദ്യ ദിനം തന്നെ സൈറ്റ് പണിമുടക്കിയതിനാൽ അവസരം ഒരു ദിവസത്തേക്ക് കൂടി നൽകുകയായിരുന്നു. പ്ളസ് വണ്ണിന് ആകെ 4,71,039 അപേക്ഷകരാണുള്ളത്. അതിൽ പകുതിയിലധികം പേർക്ക് ട്രയൽ അലോട്ട്മെന്റിലൂടെ പ്രവേശന സാദ്ധ്യത ഉറപ്പായിക്കഴിഞ്ഞു. ഏകജാലക പ്രവേശനത്തിന് ആകെ ലഭ്യമായ മെറിറ്റ് സീറ്റുകൾ 3,00,960 ആണ്. അലോട്ട്‌മെന്റ് നടത്താത്ത സീറ്റുകളുടെ എണ്ണം 58,151.