ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷ,​ ഇലക്ട്രിക് സ്കൂട്ടർ,​ഇലക്ട്രിക് കാറുകൾ എന്നിവക്കുള്ള പോൾ മൗണ്ട് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബാലരാമപുരം സെന്റ്. സെബാസ്റ്റ്യൻ ആഡിറ്റോറിയം,വവ്വാമൂല ബണ്ട് റോഡ്, വെള്ളായണി ദേവീ ക്ഷേത്രത്തിന് സമീപം,പുന്നക്കുളം,അരുമാനൂർ പട്ട്യക്കാല, ചാണി,വെങ്ങാനൂർ, വിഴിഞ്ഞം എന്നീ 8 സ്ഥലങ്ങളിലായാണ് എം.എൽഎയുടെ നിർദ്ദേശപ്രകാരം ബോക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുത പോസ്റ്റിൽ ബോക്സ് ഘടിപ്പിച്ച് അതിൽ നിന്നുമാണ് ചാർജ്ജിംഗ് നടത്തുന്നത്.വർദ്ധിച്ചു വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ് അടിയന്തരമായി ഈ സൗകര്യം ലഭ്യമാക്കിയത്.അടുത്ത ഘട്ടമായി നിയോജക മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളിലും ഇതിനായുളള ക്രമീകരണം സജ്ജമാക്കും.ട്രാഫിക്ക് പ്രശ്നം ഉണ്ടാകാതെ ചാർജ്ജ് ചെയ്യുവാനുള്ള സൗകര്യം നോക്കിയാണ് ബോക്സുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.