തിരുവനന്തപുരം -കാസർകോട്: ദേശീയ പാതയേക്കാൾ 106 കി. മീ കുറവ്
തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പിനുള്ള സർവേയ്ക്ക് ഈ മാസം പകുതിയോടെ കല്ലിടൽ തുടങ്ങും. ഇതിനുള്ള 6 (1) നോട്ടിഫിക്കേഷൻ റവന്യു വകുപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം പൂവാർ മുതൽ കാസർകോട്ട് കേരള -കർണാടക അതിർത്തിയായ തലപ്പാടി വരെ 468 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ദേശീയപാത66 വഴി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം 574 കിലോമീറ്ററാണ്. ഈ ദൂരത്തേക്കാൾ 106 കിലോമീറ്ററോളം കുറവാണെന്നതിനാൽ അതിലും വേഗത്തിൽ എത്താമെന്നതാണ് തീരപാതയുടെ പ്രധാന നേട്ടം.
വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുമെന്നതിനാൽ ചരക്ക് നീക്കത്തിനും തീരദേശ ഹൈവേ വേഗം കൂട്ടും. തീരദേശ മേഖലയുടെ വികസനത്തിന് പുറമെ വിനോദ സഞ്ചാരരംഗവും പുരോഗമിക്കും.
സ്ഥലമേറ്റെടുപ്പിന് തുക അനുവദിക്കാനാവില്ലെന്ന ആദ്യ നിലപാട് കിഫ്ബി മാറ്റിയതോടെയാണ് നടപടിക്ക് വേഗമായത്. നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് അവലോകനത്തിനുശേഷം കിഫ്ബിക്ക് സമർപ്പിക്കും. കിഫ്ബി പ്രതിനിധികൾ സ്ഥലസന്ദർശനം നടത്തിയ ശേഷമാവും അന്തിമാനുമതി നൽകുക.
പാത കടന്നു പോകുന്ന ജില്ലകളിൽപ്പെട്ട 44 നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ സഹായത്തോടെ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലംതീരെ ഇല്ലാത്ത ഭാഗത്ത് പാത തിരിച്ചു വിടുകയോ ഫ്ലൈഓവർ നിർമ്മിക്കുകയോ ചെയ്യും.2022ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2019 മാർച്ച് 10ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
പിങ്ക് കല്ലുകൾ
സർവേയ്ക്ക് സാധാരണ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് ഇടാറുള്ളതെങ്കിലും സിൽവർലൈൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിങ്ക് കല്ലുകളാവും ഉപയോഗിക്കുക.
ഒൻപത് ജില്ലകൾ
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള ഒൻപത് ജില്ലകളെ പാത ബന്ധിപ്പിക്കും. റോഡ് 14 മീറ്റർ വീതിയിലും പാലങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ 15.6 മീറ്ററിലുമാവും നിർമ്മാണം. വശങ്ങളിൽ സൈക്കിൾ ട്രാക്ക്. തീരദേശത്ത് നിലവിലെ റോഡുകൾ വികസിപ്പിച്ചും കണക്റ്റിവിറ്റി റോഡുകൾ നിർമ്മിച്ചും പൂർത്തിയാക്കും. തീരമേഖലയിലെ സ്ഥലലഭ്യത വെല്ലുവിളി.
ന്യായവില
ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില ഉറപ്പാക്കും
ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കും
പാത ദൈർഘ്യം
468 കി.മീറ്റർ
ദേശീപാത 66 ലൂടെ
തിരുവനന്തപുരം - കാസർകോട് :
574 കി. മീറ്റർ
പ്രതീക്ഷിക്കുന്ന ചെലവ്
6500 കോടി
ആകെ റീച്ചുകൾ
17