mazha

വിതുര: മലയോര മേഖലയിൽ മഴയുടെ താണ്ഡവം തുടരുന്നു. ഇന്നലെ രാവിലെ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ഉച്ചതിരിഞ്ഞ് മഴ വീണ്ടും തുടങ്ങി. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ വനമേഖലകളിലാണ് കനത്ത മഴ പെയ്തിറങ്ങുന്നത്. മൂന്ന്ദിവസമായി ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. വനത്തിൽനിന്നും മരങ്ങളും പാറയും മറ്റും ഒഴുകിയെത്തുന്നുണ്ട്. നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്. രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ക്യാമ്പ് സന്ദർശിക്കുകയും കോൺഗ്രസ് വിതുര ആനപ്പാറ മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വസ്ത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറിമാരായ ആനാട് ജയൻ, സി.എസ്.വിദ്യാസാഗർ, എൽ.കെ.ലാൽറോഷിൻ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ,വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്, ഡി.സി.സി അംഗം എസ്. കുമാരപിള്ള, പഞ്ചായത്തംഗം മേമല വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മഴയെ തുടർന്ന് വീട് തകർന്നവർക്കും, കൃഷി നശിച്ചവർക്കും സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു.

കനത്തമഴയെ തുടർന്ന് ബോണക്കാട് എസ്റ്റേറ്റിൽ നിന്നും ഒഴിപ്പിച്ച് വിതുര ഗവ. ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന തൊഴിലാളികളെ ജി. സ്റ്റീഫൻ എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജും ഒപ്പമുണ്ടായിരുന്നു.

നദി കരകവിഞ്ഞു

വനാന്തരങ്ങളിൽ മഴ തിമിർത്തുപെയ്യുമ്പോൾ കല്ലാർ നദി കലങ്ങിമറിഞ്ഞ് ഗതി മാറി ഒഴുകുകയാണ്. ചിറ്റാർ, മക്കിയാർ എന്നീ നദികളുടെ അവസ്ഥയും വിഭിന്നമല്ല. വാമനപുരം നദിയിലെ രണ്ട് പാലങ്ങൾ വെള്ളത്തിൽ മുങ്ങി. മൂന്ന് നദികളും ഗതിമാറി ഒഴുകിയതോടെ വെള്ളംകയറി കൃഷി വ്യാപകമായി നശിക്കുകയും ഗതാഗത തടസം നേരിടുകയും ചെയ്തിരുന്നു. അനവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. മരുതാമലയിൽ അനിൽകുമാറിന്റെ കൃഷിത്തോട്ടത്തിൽ വെള്ളംകയറിയതിനെ തുടർന്ന് പച്ചക്കറികൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി നടത്തിയിരുന്ന കൃഷിയാണ് വെള്ളത്തിൽ മുങ്ങിനശിച്ചത്. കനത്ത നഷ്ടമുണ്ട്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.

ആദിവാസിമേഖലകൾ ഒറ്റപ്പെട്ടു

കനത്തമഴയെ തുടർന്ന് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസിമേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. നാട്ടിൻപുറത്തെ അപേക്ഷിച്ച് വനമേഖലകളിലാണ് മഴ കോരിച്ചൊരിയുന്നത്. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ പൊടിയക്കാല ആദിവാസികോളനിയിലേക്കുള്ള റോഡിൽ വെള്ളംകയറുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. മഴക്കാലത്ത് ഡാമിലെ വെള്ളം പൊടിയക്കാലയിലേക്കുള്ള റോഡിൽ കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. കല്ലാർമൊട്ടമൂട്, ആറാനക്കുഴി, പൊടിയക്കാല, അല്ലത്താര, തലത്തൂതക്കാവ്, ചാത്തൻകോട്,ചെമ്മാംകാല, കുട്ടപ്പാറ,മണിതൂക്കി പന്നിക്കുഴി എന്നീ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ആദിവാസികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.