
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് നിർമ്മാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാമത്ത് ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിച്ച് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ദേശീയപാത 66ന്റെ 18ാം റീച്ചായ കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയുടെ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികളാണ് മാമത്തുനിന്നും ആരംഭിച്ചത്. പാതയുടെ ഭാഗമായി ആഴാംകോണം മുതൽ മാമം വരെയുള്ള 10.9 കിലോമീറ്റർ ദൂരമാണ് ആറ്റിങ്ങൽ ബൈപ്പാസ്.
കടമ്പാട്ടുകോണം-കഴക്കൂട്ടം പാതവികസനത്തിനായി 69 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിൽ 40 ഹെക്ടറിലധികം ഭൂമി ആറ്റിങ്ങൽ ബൈപ്പാസിനുവേണ്ടിയാണ് ഏറ്റെടുത്തത്. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാരവിതരണം അന്തിമഘട്ടത്തിലാണ്. ഭൂമിയേറ്റെടുക്കുന്നതിനായി 23,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 75 ശതമാനം തുക കേന്ദ്രസർക്കാരും 25 ശതമാനം തുക കേരളസർക്കാരുമാണ് വഹിക്കുന്നത്. റോഡിന്റെ നിർമ്മാണക്കരാർ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ.ഡി.എസ് എന്ന കമ്പനിക്കാണ്.
**നിർമ്മാണം ഇങ്ങനെ
നൂറ് കിലോമീറ്റർ കുറഞ്ഞ വേഗം നൽകാൻ കഴിയുന്ന അന്താരാഷ്ട്രനിലവാരമുള്ള റോഡാണ് ഒരുങ്ങുന്നത്. തടസ്സമില്ലാത്ത ഗതാഗതസൗകര്യമാണ് റോഡ് മുന്നോട്ട് വയ്ക്കുന്നത്. സർവീസ് റോഡുകളുമായി ബന്ധമുണ്ടാകുമെങ്കിലും വാഹനങ്ങൾക്ക് ഒരിടത്തും ദേശീയപാത മുറിച്ച് കടക്കേണ്ടിവരില്ല. കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയിൽ ആറ് മേൽപ്പാലങ്ങളും 16 അടിപ്പാതകളും രണ്ട് മേൽപ്പാതകളുമുണ്ടാകും. ബൈപ്പാസിൽ തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവയ്ക്ക് കുറുകേ പാലം നിർമ്മിക്കും. കൂടാതെ നിരവധി കലുങ്കുകളും നിർമ്മിക്കണം.
**രൂപരേഖ തയാർ
30 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. കാലാവസ്ഥ അനുകൂലമായാൽ നിർമ്മാണപ്രവർത്തനങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. 2008-ലാണ് പദ്ധതിക്കായി രൂപരേഖ തയാറാക്കിയത്. തുടർന്ന് വിവിധ നടപടിക്രമങ്ങളും തടസ്സങ്ങളും തരണം ചെയ്താണ് ഇപ്പോർ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
**പരാതിക്ക് പരിഹാരമായിട്ടില്ല
ആറ്റിങ്ങൽ ബൈപ്പാസിന്റെ രൂപരേഖപ്രകാരം റോഡ് കടന്നുപോകുന്നത് കൊല്ലമ്പുഴ തിരുവാറാട്ട് കാവ് ദേവീക്ഷേത്രവളപ്പിലൂടെയാണ്. റോഡിനായി ഭൂമിയേറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്റെ പാട്ടുപുരയുൾപ്പെടെയുള്ള ഭാഗങ്ങൾ നഷ്ടമാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ നാശത്തിന് ഇത് ഇടയാക്കുമെന്നും രൂപരേഖയിൽ മാറ്റംവരുത്തി ക്ഷേത്രവളപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബവും ദേവസ്വംബോർഡും ഭക്തരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഈ ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.