വർക്കല: ഇടവിട്ട് പെയ്യുന്ന മഴയിൽ വർക്കല മേഖലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കൃഷിയിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇടവ, ചെമ്മരുതി, ഇലകമൺ, വെട്ടൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും, വർക്കല നഗരസഭയിലെ തീരദേശ മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

വർക്കല തീരമേഖലയിൽ ശക്തമായ കടൽക്ഷോഭവും, കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പാപനാശം തീരത്തു നിന്ന് അഞ്ച് കിലോമീറ്റർ മാറി ഉൾക്കടലിൽ വൻ തിരമാല മുകളിലേക്ക് ഉയർന്നത് ആശങ്കയിലാഴ്ത്തി.

കൊല്ലത്തു നിന്ന് ഉൾക്കടലിൽ പോയ ട്രോളിംഗ് ബോട്ട് ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് ദിശമാറി വർക്കല പാപനാശം തീരത്തേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും ഫലം വിഫലമായി. ഏറെ വൈകി കൊല്ലം ഭാഗത്തേക്ക് തന്നെ ട്രോളിംഗ് ബോട്ട് പോയി. ശക്തമായ കാറ്റും പ്രദേശത്ത് ഭീകരത സൃഷ്ടിക്കുന്നുണ്ട്.

വെട്ടൂർ, ചിലക്കൂർ, റാത്തിക്കൽ, അരിവാളം, വള്ളക്കടവ്, ഇടവ, വെറ്റക്കട,ഓടയം, കാപ്പിൽ എന്നീ തീരമേഖലയിൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. ടി.എസ്‌ കനാൽ, ചെമ്മരുതിയിലെ കല്ലണയാർ എന്നിവിടങ്ങളിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

വർക്കല ക്ഷേത്രം അമ്മൻനട ഭാഗത്ത് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. പാപനാശം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്ന ടൂറിസ്റ്റുകൾ കടലിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ലൈഫ് ഗാർഡിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതി സാഹചര്യം കണക്കിലെടുത്ത് വർക്കല താലൂക്ക് ഓഫീസിലും നഗരസഭയിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വർക്കല കൺട്രോൾ റൂം: 0470-2613222, 9497711286. വർക്കല നഗരസഭ കൺട്രോൾ റൂം: 9037516718,9037516719.