
തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്ന കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത വികസന നിർമ്മാണത്തിനായി നിർമ്മാണക്കമ്പനിയായ ആർ.ഡി.എസും ദേശീയപാത അതോറിട്ടിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ദേശീയപാത അതോറിട്ടിയിൽ നിന്ന് നിർമ്മാണം ആരംഭിക്കുന്ന തീയതിയെക്കുറിച്ച് തീരുമാനമുണ്ടായാൽ ഒരാഴ്ചയ്ക്കകം ജോലികൾ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. രണ്ടരവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. എറണാകുളം ആസ്ഥാനമായുള്ള ആർ.ഡി.എസ് കമ്പനി 795 കോടി രൂപയ്‌ക്കാണ് നിർമ്മാണമേറ്റെടുത്തത്. ദേശീയപാത ഉദ്യോഗസ്ഥരും കമ്പനിയുടെ പ്രതിനിധികളും സംയുക്തമായുള്ള സ്ഥലപരിശോധന കഴിഞ്ഞദിവസം പൂർത്തിയായി.
നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസിൽ തിരുആറാട്ട്കാവ് ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുള്ളതിനാൽ അതൊഴികെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളെല്ലാം പൂർത്തിയായതോടെയാണ് ധാരണാപത്രം ഒപ്പിട്ടത്.
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കലും മരംമുറിക്കലും പ്രതികൂല കാലാവസ്ഥയിലും പുരോഗമിക്കുകയാണ്. ദേശീയപാത റീച്ച് 18ൽപ്പെടുന്ന ഇവിടെ 65 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിവന്നത്. 1200 കോടി രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. കല്ലമ്പലം മുതൽ മണമ്പൂർ വരെ എട്ട് കിലോമീറ്ററോളം നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടുകയാണ്.
ആറ്റിങ്ങൽ ബൈപ്പാസ്
കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത പദ്ധതിയിൽ ആയാംകോണം മുതൽ മാമം വരെ 10.8 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് ബൈപ്പാസ്. കടമ്പാട്ടുകോണം മുതൽ ആയാംകോണം വരെയും മാമം മുതൽ കഴക്കൂട്ടം വരെയും നിലവിലെ ദേശീയപാത വികസിപ്പിക്കുന്നതിനൊപ്പമാണ് ആയാംകോണത്തു നിന്ന് മാമത്തേക്ക് 45 മീറ്റർ വീതിയിൽ പുതിയ ആറുവരിപ്പാത സജ്ജമാക്കുന്നത്.
അരഡസൻ ഫ്ലൈ ഓവറുകൾ
16 അണ്ടർപാസുകൾ
കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാതയിൽ കല്ലമ്പലം, പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ്, മംഗലപുരം തുടങ്ങി പ്രധാനപ്പെട്ട ആറ് ജംഗ്ഷനുകളിൽ ഫ്ലൈഓവറും 16 അണ്ടർപാസുകളും നിർമ്മിക്കാനാണ് പദ്ധതി. ആവശ്യമുണ്ടെങ്കിൽ ഏതാനും സ്ഥലങ്ങളിൽ അണ്ടർപാസും ഓവർബ്രിഡ്ജും നിർമ്മിക്കും.
നേട്ടം
ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ടൗണിൽ പ്രവേശിക്കാതെയും
കുരുക്കിൽപ്പെടാതെയും യാത്രക്കാർക്ക് തിരുവനന്തപുരം - കൊല്ലം റൂട്ടിൽ യാത്രചെയ്യാം.
പ്രതികൂല കാലാവസ്ഥയിലും നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മരക്കുറ്റികൾ നീക്കം ചെയ്യലും നിർമ്മാണത്തിന് വിട്ടുകിട്ടിയ സ്ഥലം നിരപ്പാക്കലും മണ്ണിട്ട് ഉയർത്തലുമാണ് ഇപ്പോൾ നടക്കുന്നത്. ദേശീയപാത അതോറിട്ടി നിർമ്മാണം ആരംഭിക്കാനുള്ള തീയതി പ്രഖ്യാപിച്ചാൽ ജോലികൾ തുടങ്ങും.
- പ്രോജക്ട് മാനേജർ, ആർ.ഡി.എസ് കമ്പനി