
തിരുവനന്തപുരം: ''പാവപ്പെട്ടവനും അധഃസ്ഥിതനും വലിയ സ്വപ്നം കാണാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിയുമെന്ന് തെളിയിച്ചതും, അവകാശങ്ങൾ നിഷേധിക്കപ്പെട്ട പിന്നാക്ക-ഗിരിവർഗ ജനതയ്ക്ക് മാതൃകയാകാൻ കഴിഞ്ഞതും വലിയ സംതൃപ്തി നൽകുന്നു.''- പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയായി സത്യവാചകം ചൊല്ലിയശേഷമുള്ള ദ്രൗപദി മുർമുവിന്റെ ഈ വാക്കുകളിൽ വിശ്വാസമർപ്പിക്കുകയാണ് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ മധുവിന്റെ കുടുംബം,
നീതിക്കായി ഗവർണറോ രാഷ്ട്രപതിയോ ഇടപെടുമെന്ന പ്രതീക്ഷയാണവർക്ക്. നാലു വർഷം വൈകിത്തുടങ്ങിയ വിചാരണയിൽ സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറുകയാണ്. 122സാക്ഷികളിൽ19 പേരെ വിചാരണ ചെയ്തപ്പോൾ 10 പേർ പ്രതിഭാഗം ചേർന്നു. മധുവിനെ ആക്രമിക്കുന്ന വീഡിയോയുണ്ടായിട്ടും, പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്നാണ് സാക്ഷികളെല്ലാം കോടതിയിൽ പറയുന്നത്. ഔദ്യോഗിക സാക്ഷികളായ വനം ഉദ്യോഗസ്ഥർ പോലും കൂറുമാറി. 13-ാംസാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
കൂട്ട കൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും വിചാരണ നടത്താൻ സി.ആർ.പി.സി 311സെക്ഷൻ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. തെളിവു നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യമുന്നയിക്കാം. എന്നാൽ ഇതിന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിർദ്ദേശം വേണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കുടുംബം പരാതി നൽകും.
മധുവിന്റെ ദുർഗതി
■2018ഫെബ്രുവരി 22
ആദിവാസിയായ മധുവിനെ മോഷ്ടാവെന്നാരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു. ആശുപത്രിയിലേക്കുള്ള വഴിയിൽ മരണം. കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു മധുവിന്റെ ഭാണ്ഡത്തിൽ
■2018മേയ്
300 പേജുകളുള്ള കുറ്റപത്രം മണ്ണാർക്കാട്ടെ എസ്.സി, എസ്.ടി പ്രത്യേക കോടതിയിൽ. രണ്ട് പ്രോസിക്യൂട്ടർമാർ അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറി.
■2022ഏപ്രിൽ28
കേസിന്റെ വിചാരണ തുടങ്ങി. മധുവിനെ മർദ്ദിച്ചത് കണ്ടെന്ന് മജിസ്ട്രേറ്റിനു മുന്നിൽ മൊഴിനൽകിയ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനാന്നൊം സാക്ഷി ചന്ദ്രൻ എന്നിവർ മൊഴിമാറ്റി. പിന്നീട് മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറി
കൂറുമാറ്റത്തിന്
പിന്നിൽ
കേസിൽ നിന്ന് പിന്മാറാൻ മധുവിന്റെ അമ്മ മല്ലിയെ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തി. പിന്മാറിയാൽ 45 ലക്ഷത്തിന്റെ വീട് നൽകാമെന്ന് പ്രലോഭനമുണ്ടായി. വഴങ്ങാതിരുന്നപ്പോൾ വധഭീഷണിയും. ഭീഷണിപ്പെടുത്തിയവർക്കെതിരെ ഡിവൈ.എസ്.പിക്ക് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. മണ്ണാർകാട് കോടതി ഉത്തരവിട്ട ശേഷമാണ് അന്വേഷണമുണ്ടായത്.